കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച തിരുവനന്തപുരത്തെത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യു.ഡി.എഫിന്റെ പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനത്തിനെത്തുന്ന രാഹുല്‍, ഓഖി ദുരന്തപ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കും.
വ്യാഴാഴ്ച രാവിലെ 11-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ആദ്യം പൂന്തുറയിലേക്കുപോകും. തുടര്‍ന്ന് വിഴിഞ്ഞം തീരം സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പടയൊരുക്കം സമാപനസമ്മേളനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. വീരേന്ദ്രകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഘടകകക്ഷി നേതാക്കളായ ജോണി നെല്ലൂര്‍, സി.പി. ജോണ്‍, ദേവരാജന്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി 7.30-ന് രാഹുല്‍ ഡല്‍ഹിക്കു മടങ്ങും.
കഴിഞ്ഞ ഒന്നിനു നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ഓഖി ദുരന്തത്തെത്തുടര്‍ന്ന് 14-ലേക്കു മാറ്റിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം 22-ന് വൈകീട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിലും 23-ന് കോഴിക്കോട്ടും നടത്തുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്