കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സർവീസുകൾക്ക് ഫ്ലക്സി നിരക്ക് പരിഗണനയില്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി രാത്രികാല സര്‍വിസുകള്‍ മുഴുവന്‍ തിരക്കനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തുന്ന ‘ഫ്ലക്സി’ സംവിധാനത്തിലേക്ക് മാറ്റാന്‍ നീക്കം. കെ.എസ്.ആര്.ടി.സിയുടെ സമഗ്ര നവീകരണത്തിനായി ശിപാര്‍ശകള്‍ സമര്‍പ്പിച്ച പ്രഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടിെന്റ മറപിടിച്ചാണ് നടപടി. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളാണ് ഫ്ലക്സി നിരക്കിെന്റ പരിഗണനയിലുള്ളത്. ബംഗളൂരുവിലേക്കടക്കമുള്ള ദീര്‍ഘദൂര സര്‍വിസുകളില്‍ നിലവില്‍ ഫ്ലക്സി നിരക്കാണുള്ളത്. കഴിഞ്ഞ മാസം ഏതാനും അന്തര്‍ സംസ്ഥാന സര്വിസുകളില്കൂടി പുതിയ നിരക്ക് രീതി ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിനുള്ളിലെയടക്കം മുഴുവന്‍ രാത്രി സര്‍വിസിലേക്കും ‘പൊള്ളുംനിരക്ക്’ വ്യാപിപ്പിക്കാന്‍ ആലോചന. തിരക്കുള്ള സമയങ്ങളില്‍ 10 ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കാമെന്നതാണ് പ്രത്യേകത. തിരക്ക് കുറവുള്ള ദിവസങ്ങളില്‍ നിരക്കും കുറയും.
എന്നാല്‍, രാത്രി ഒമ്ബതിനുശേഷം കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ക്ലാസ് സര്‍വിസുകളെല്ലാം നിറഞ്ഞുകവിഞ്ഞാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിലെ തിരക്കിനനുസരിച്ചുള്ള നിരക്ക് മാറ്റം എന്നത് മുഴുവന്‍ ദിവസങ്ങളിലും വര്‍ധന മാത്രമായിരിക്കും. ദേശസാത്കൃത റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി അല്ലാെത മറ്റ് യാത്ര മാര്‍ഗങ്ങളുമില്ല, വിശേഷിച്ചും രാത്രി. രാത്രി ഒമ്ബതിനുശേഷം സൂപ്പര്‍ ഫാസ്റ്റിന് മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളേ നിരത്തിലുണ്ടാകൂ.
നിലവിലെ സാമ്ബത്തിക പ്രതിസന്ധിയാണ് ഫ്ലക്സി നിരക്കിന് കാരണമായി പറയുന്നത്. സുശീല്‍ഖന്നയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ഘട്ടത്തില്‍ ട്രേഡ് യൂനിയനുകളുടെ യോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംവിധാനം പ്രാബല്യത്തിലായാല്‍ രാത്രിയാത്രക്ക് ചെലവേറും. നിരക്ക് വര്‍ധിപ്പിക്കാതെ അതേസമയം ചാര്‍ജ് വര്‍ധനയുടെ ഗുണമാണ് കെ.എസ്.ആര്.ടി.സിക്ക് ലഭിക്കുക.പുറമെ ഒാര്‍ഡിനറി സര്‍വിസുകളില്‍നിന്ന് ക്രമേണ പിന്മാറാനും സൂപ്പര്‍ ക്ലാസ് സര്‍വിസുകളില്‍ ഒാപറേഷന് കേന്ദ്രീകരിക്കാനും തത്ത്വത്തില്‍ ധാരണയായതായും സൂചനയുണ്ട്. സ്റ്റേ സര്‍വിസുകളില്‍നിന്നും സാമൂഹിക പ്രതിബന്ധതയുള്ള സര്‍വിസുകളില്‍നിന്നും കെ.എസ്.ആര്.ടിസി പിന്മാറിയത് ഗ്രാമീണ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്