കാവേരി ജലം: തമിഴ്നാടും കര്‍ണാടകവും യോജിപ്പിലെത്തണം -കമല്‍ഹാസന്‍
ചെന്നൈ: കാവേരി നദീജലം സംബന്ധിച്ച വിഷയത്തില്‍ തമിഴ്നാടും കര്‍ണാടകവും യോജിപ്പില്‍ എത്തണമെന്ന് നടന്‍ കമല്‍ഹാസന്‍. നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിയെ കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കണം. കോടതി വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണ്. തമിഴ്നാടിന് കിട്ടുന്നത് കുറച്ചു ജലമാണെന്നും അത് സൂക്ഷിക്കാനുള്ള വഴി സര്‍ക്കാര്‍ കണ്ടെത്തണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
20 വര്‍ഷമായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അനുകൂലമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 14.75 ഘനഅടി ജലം കര്‍ണാടകത്തിന് അധികം നല്‍കണമെന്നാണ് കോടതിയുടെ സുപ്രധാന വിധി. അധിക ജലം വേണമെന്ന കേരളത്തിന്‍റെയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി.
2007-ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. 192 ടി.എം.സി. അടി വെള്ളം തമിഴ്നാടിന് നല്‍കണമെന്നായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്ത് തമിഴ്നാടിനുള്ള പങ്ക് 177.25 ആയി കുറക്കുകയായിരുന്നു സുപ്രീംകോടതി.
ഇതിലൂടെ 14.75 ഘനഅടി വെള്ളം കര്‍ണാടകത്തിന് ലഭിക്കും. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. തമിഴ്നാട്, കേരളം, കര്‍ണാടകം എന്നീ മുന്നു സംസ്ഥാനങ്ങളും കേസില്‍ കക്ഷികളാണ്. മൂന്ന് സംസ്ഥാനങ്ങളും വിധി ലംഘിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
99.8 ടി.എം.സി അടി വെള്ളം വേണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.എന്നാല്‍, കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 30 ടി.എം.സി ജലം നല്‍കാനാണ് സുപ്രീംകോടതിയും നിര്‍ദേശിച്ചിരിക്കുന്നത്. കബനിയുടെ മൂന്ന് കൈവഴികള്‍ കാവേരിയിലേക്ക് ഒഴുകുന്നുണ്ടെന്നായിരുന്നു കേരളത്തിന്‍റെ വാദം. പുതുച്ചേരിക്ക് ഏഴ് ടിഎംസി വെള്ളമായിരിക്കും ലഭിക്കുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്