×

കബാലി ഡാ…

കൊട്ടകയിലേക്കുള്ള തലൈവര്‍ചിത്രത്തിന്റെ വരവുംകാത്തുകാത്തിരിക്കുകയാണ് രജനീകാന്തിന്റെ ആരാധകര്‍. 22ന് റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ കബാലിയിലെ പാട്ടുകള്‍ ഇതിനകം വൈറലായി കഴിഞ്ഞിരിക്കുന്നു. എ. ആര്‍ റഹ്മാന്‍, ഇളയരാജ തുടങ്ങിയ സംഗീതചക്രവര്‍ത്തിമാരെക്കൊണ്ട് ഈണങ്ങള്‍ ചിട്ടപ്പെടുത്തുന്ന പതിവുശൈലിവിട്ട് ഇക്കുറി കബാലിക്കു േവണ്ടി സംഗീതമൊരുക്കാനുള്ള നിയോഗം വന്നുചേര്‍ന്നത് ഒരു ചെറുപ്പക്കാരനാണ്. സന്തോഷ് നാരായണ്‍.

തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിക്കാരന്‍ പയ്യന് റേഡിയോയില്‍ കേട്ട റഹ്മാനീണങ്ങളോടുള്ള പാട്ടുകമ്ബം മൂത്താണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. കയ്യിലൊരു എന്‍ജിനീയറിങ് ബിരുദവുമായി നേരെവച്ചുപിടിച്ചത് എ.ആര്‍ റഹ്മാന്റെ മുന്നിലേക്ക്. റഹ്മാന്റെ കീഴില്‍ റെക്കോര്‍ഡിങ് എന്‍ജിനീയറായി തുടക്കനാളുകള്‍. സ്വതന്ത്ര സംഗീതസംവിധാകന്റെ വിലാസം ആദ്യമായി പതിച്ചുകിട്ടുന്നത് 2012ല്‍ പാ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘അട്ടക്കത്തി’ എന്ന ചിത്രത്തിലൂടെയാണ്. നിര്‍മാതാവായ സി. വി. കുമാര്‍ ആണ് സന്തോഷിനെ സിനിമാലോകത്തേക്ക് പരിചയപ്പെടുത്തുന്നത്. പാ രഞ്ജിത്തുമായി അന്നു തുടങ്ങിയ സൗഹൃദമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയിലേക്ക് സന്തോഷ് നാരായണനെ എത്തിക്കുന്നത്.

‘അട്ടക്കത്തി’ക്കു ശേഷം രാജായുടെ ആദ്യ ചിത്രമായ ഉയിര്‍മൊഴി, കാര്‍ത്തിക് സുബ്ബരാജിന്റെ ആദ്യചിത്രമായ പിസ എന്നീ ചിത്രങ്ങളിലെ വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ സന്തോഷ് നാരായണന്റെ പേര് സംഗീതലോകത്ത് സ്വരപരിചിതമായി മാറുകയായിരുന്നു. ലോകപ്രശസ്തരായ നിരവധി സംഗീതസംവിധായകര്‍ക്കൊപ്പം ഹിറ്റ് ഗാനങ്ങളൊരുക്കിയ സൗണ്ട് എന്‍ജിനീയര്‍ ലിയോണ്‍ സെര്‍വോസിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയിലെ സ്റ്റുഡിയോസ് 301ല്‍ ആയിരുന്നു സന്തോഷിന്റെ ആദ്യ മൂന്നു ചിത്രങ്ങളിലെയും ഗാനങ്ങളുടെ റെക്കോര്‍ഡിങ് നടന്നത്. തമിഴ്ചലച്ചിത്രലോകത്തിന് പുതിയ കാതുകള്‍ സമ്മാനിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളായിരുന്നു ഓരോ ഗാനവും. തമിഴ്സംഗീതത്തിന്റെ തനതുപാരമ്ബര്യമുള്‍ക്കൊള്ളുന്ന ‘ഗാന’ങ്ങളെ സിനിമാലോകത്തേക്ക് പരിചയപ്പെടുത്തിയതിന്റെയും ശ്രോതാക്കള്‍ക്ക് ആസ്വാദ്യകരമാക്കിയതിന്റെയും ക്രെഡിറ്റ് കൂടി അവകാശപ്പെടാം സന്തോഷ് നാരായണന്. റാപ് ഗാനമായി ചിട്ടപ്പെടുത്തിയ ‘കാശ് പണം തുട്ട്’ എന്ന ഗാനവും വളരെപ്പെട്ടെന്ന് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു.

ബില്ല രംഗ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാലോകത്തും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു സന്തോഷ് നാരായണന്‍. അദ്ദേഹത്തിന്റെ സംഗീതജീവിതത്തില്‍ ഏറ്റവുമധികം അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തത് കുക്കൂ എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ സൗണ്ട് ട്രാക്ക് ആണ്. മ്യൂസിക്കല്‍ ഗാങ്സ്റ്റര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കാര്‍ത്തിക് സുബ്ബരാജിന്റെ രണ്ടാമത്തെ ചിത്രമായ ജിഗര്‍തണ്ടയിലും സംഗീതം ചെയ്തത് സന്തോഷ് തന്നെയായിരുന്നു. കുക്കൂവിനു വേണ്ടി തല്‍സമയ ഓര്‍ക്കസ്ട്രേഷനാണ് ഉപയോഗിച്ചതെങ്കില്‍ ജിഗര്‍തണ്ട ഇലക്‌ട്രോണിക് സംഗീതത്തിന്റെ ഉല്‍സവമായിരുന്നു. വിദ്യുത്രാഗങ്ങളുടെ വേഗസഞ്ചാരം. റാപ്പും പോപ്പും ഫോക്കും ചേരുംപടി ചേര്‍ത്തുകൊണ്ടുള്ള പരീക്ഷണം. 2014ല്‍ പുറത്തിറങ്ങിയ എനക്കുള്‍ ഒരുവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളും സന്തോഷിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാള ചിത്രത്തിന്റെ തമിഴ് റിമേയ്ക്ക് 36 വയതിനിലെയിലെ പാട്ടുകളിലും സന്തോഷിന്റെ സംഗീതസ്പര്‍ശം നിറഞ്ഞു.

തലൈവരുടെ കബാലിക്കുവേണ്ടി സംഗീതസംവിധാനം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം സന്തോഷിന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. ഏതാനും സൗണ്ട് ട്രാക്കുകള്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ മാത്രമാണ് സംഗതി സ്വപ്നമല്ല, യാഥാര്‍ഥ്യമാണെന്ന് സന്തോഷ് തിരിച്ചറിയുന്നതുതന്നെ. രജനീകാന്തിെനയാണ് ആദ്യം സൗണ്ട് ട്രാക്ക് പാടിക്കേള്‍പ്പിച്ചത്. തലൈവര്‍ ഒകെ പറഞ്ഞതോടെ സന്തോഷിന് കൂടുതല്‍ ആവേശവും ആത്മവിശ്വാസവുമായി. എങ്കിലും രജനീകാന്ത്ചിത്രം എന്നതു സംഗീതം ചിട്ടപ്പെടുത്തുമ്ബോള്‍ മനസ്സിനെ ഭാരപ്പെടുത്തിയിരുന്നു. സുഹൃത്തും സംവിധായകനുമായ പാ. രഞ്ജിത്ത് പറഞ്ഞു, ഇതൊരു രജനി ചിത്രമാണെന്നതു മറന്നുകൊണ്ട് സംഗീതത്തില്‍ ശ്രദ്ധിക്കൂ’. പിന്നെ കഥാമുഹൂര്‍ത്തങ്ങള്‍ മാത്രം മനസ്സിലോര്‍ത്തുകൊണ്ട് ഈണങ്ങളൊരുക്കുകയായിരുന്നു സന്തോഷ്.

സ്വന്തം വീട്ടിലെ സ്റ്റുഡിയോയില്‍ വച്ചുതന്നെയായിരുന്നു ഗാനങ്ങളുടെ കംപോസിങ്. ചെന്നൈ മുഴുവന്‍ മഴവെള്ളത്തില്‍ മുങ്ങിയ ഡിസംബര്‍കാലത്തായിരുന്നു നെരുപ്പ് ഡാ എന്ന ഗാനം ഒരുക്കിയത്. കറന്റുപോലുമില്ലാത്ത നേരത്ത് വീട്ടിലെ അരണ്ട തണുത്ത വെളിച്ചത്തിലിരുന്ന് ചിട്ടപ്പെടുത്തിയ ആ ഗാനമാണ് ഇന്ന് ആരാധകരിലേക്ക് വിദ്യുത്വേഗത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും പാട്ടുകള്‍ റിലീസ് ചെയ്യുമ്ബോള്‍ ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷകൊണ്ട് സന്തോഷ് നേരത്തെതന്നെ ഓസ്ട്രേലിയയിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.. പാട്ടുകള്‍ വൈറലാകുമ്ബോള്‍ ഈ ചെറുപ്പക്കാരന്റെ മുഖത്ത് വിനയം ചുവക്കുന്നൊരു പുഞ്ചിരി മാത്രം. എല്ലാം തലൈവരുടെ അനുഗ്രഹം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top