×

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നല്‍കുക. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.

ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് താത്കാലികമായി ഒരാഴ്ച 2000 രൂപവീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഓരോ ദിവസവും മുതിര്‍ന്നവര്‍ക്ക് 60 രൂപവീതവും കുട്ടികള്‍ക്ക് 45 രൂപവീതവും നല്‍കുന്നതിന് പകരമായാണിത്. ദുരിതം നേരിടാന്‍ കേന്ദ്ര പാക്കേജ് ആവശ്യപ്പെടും. ഇതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ അടുത്ത ദിവസംതന്നെ കാണും.

സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ കേന്ദ്രത്തില്‍നിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സര്‍വകക്ഷി സംഘം വേണ്ടെന്നുവച്ചു. കൂടിക്കാഴ്ചയ്ക്കുള്ള അനുമതിപോലും ലഭിക്കാത്ത സാഹചര്യത്തിലാണിത്. കടല്‍ തീരത്ത് സാമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുലിമുട്ടും കടല്‍ ഭിത്തിയും നിര്‍മ്മിക്കുന്നതിനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ന്യായീകരണം
സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ്

സര്‍ക്കാരിന് പറ്റിയ വലിയ വീഴ്ചയാണ് വന്‍ ദുരന്തത്തിന് വഴിവച്ചത് എന്നതില്‍ സംശയമില്ലെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെക്കുറിച്ച്‌ മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണം സ്വീകാര്യമല്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.

ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ഒരുമാസത്തെ ശമ്ബളവും പേഴ്സണല്‍ സ്റ്റാഫിന്റെ ഒരു ദിവസത്തെ ശമ്ബളവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി പ്രതിപക്ഷം പൂര്‍ണമായും സഹകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വലിയ ബോട്ടുകളില്‍ മത്സ്യബന്ധനത്തിന്
പോയവര്‍ അപകടത്തില്‍പെടില്ല,
എല്ലാവരെയും കണ്ടെത്തും – ഫിഷറീസ് മന്ത്രി

വലിയ ബോട്ടുകളില്‍ നൂറ് നോട്ടിക്കല്‍ മൈലിന് അകലേക്ക് മത്സ്യബന്ധനത്തിന് പോയവര്‍ അപകടത്തില്‍ പെടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരെയും കണ്ടെത്തും. ഇതിനുള്ള കൃത്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് മന്ത്രി പറഞ്ഞു. രത്നഗിരിയില്‍നിന്ന് തിരുവനന്തപുരം സ്വദേശികളായ 62 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും ലക്ഷദ്വീപില്‍നിന്ന് മലയാളികളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെയെല്ലാം നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top