ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുന്നു
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ കൂട്ടിയാണ് നാവികസേന ഇന്ന് കടലിലേക്ക് തിരച്ചിലിനായി പോകുന്നത്. ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാണാതായവരെക്കുറിച്ചുളള ആശങ്കയാണ് കനക്കുന്നത്. മൂന്നു മൃതദേഹങ്ങള്‍ ഇന്നലെ കൊച്ചി പുറങ്കടലില്‍ കണ്ടെത്തി.
കൊച്ചി തീരത്തും അതിന് അപ്പുറത്തേക്കുമായി കാറ്റിന്റെ ദിശ കണക്കാക്കിയാണ് തെരച്ചില്‍ വ്യാപിപ്പിച്ചത്. നാവിക സേനയുടെ പത്തുകപ്പലുകളും ഇന്ന് തിരച്ചിലിനുണ്ട്. കൊച്ചിയില്‍ നിന്ന് ആറ് മല്‍സ്യത്തൊഴിലാളികളെയും തിരുവനന്തപുരത്തുനിന്നും രണ്ട് മല്‍സ്യത്തൊഴിലാളികളെയും നാവിക സേന ഒപ്പം കൂട്ടുന്നുണ്ട്. 16 മല്‍സ്യത്തൊഴിലാളികളുമായി മറൈന്‍ ഇന്‍ഫോഴ്സ്മെന്റ് ഇന്നലെ നടത്തിയ തെരച്ചില്‍ ഫലം കണ്ടിരുന്നു. നാവികസേനയുടെ തെരച്ചില്‍ 400 നോട്ടിക്കല്‍ മൈലിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
മറൈന്‍ എന്‍ഫോഴസ്മെന്റും കോസ്റ്റുഗാര്‍ഡും സമാനമായ രീതിയില്‍ തെരച്ചല്‍ തുടരുകയാണ്. ഇതിനിടെ കൊച്ചി ചെല്ലാനത്ത് പ്രദേശവാസികള്‍ നടത്തിവന്ന പ്രതിഷേധം സമരം തുടരുകയാണ്. കടലാക്രമണം തടയുന്നതിന് പുലിമിട്ട് അടക്കമുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പുകിട്ടണമെന്നാണ് ആവശ്യം.
ലക്ഷദ്വീപിലെ ബിത്രയില്‍ ഇന്നലെ കണ്ടെത്തിയ 72 മല്‍സ്യത്തൊഴിലാളികളെ നാവിക സേന അടുത്തദിവസം കേരളതീരത്ത് എത്തിക്കും. തിരച്ചില്‍ തുടരുമ്ബോഴും കാണാതായവരുടെ എണ്ണം സംബന്ധിച്ച് സംശയങ്ങള്‍ തുടരുന്നത്. സര്‍ക്കാര്‍ കണക്കിനേക്കാള്‍ ഏറെ കൂടുതലാണ് ലത്തീന്‍ സഭ പുറത്തുവിട്ട കണക്ക്. കാണാതായവരെക്കുറിച്ച് സര്‍ക്കാര്‍ പക്കല്‍ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴുമില്ലെന്നതാണ് പ്രധാന ആരോപണം.
അതിനിടയില്‍, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. വൈകാതെ ഇവരെ തിരുവനന്തപുരത്ത് എത്തിക്കും. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കന്യാകുമാരിക്ക് സമീപം ചുഴലിക്കാറ്റില്‍പ്പെട്ട് ഉപേക്ഷിക്കേണ്ടിവന്ന ഒരും ബോട്ടും കണ്ടെത്തി. ‘ബിനോയ് മോന്‍’ എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 13 പേരെ മറ്റൊരു ബോട്ടില്‍ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കായംകുളത്തിന് പടിഞ്ഞാറുഭാഗത്തുനിന്നാണ് ബോട്ട് കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി തീരസംരക്ഷണ സേനയുടെ 12 കപ്പലുകള്‍ ഇന്ന് തിരച്ചില്‍ നടത്തും. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ എഎന്‍എസ് കല്‍പ്പേനി എന്ന കപ്പല്‍ ഇന്ന് പുറപ്പെടും. തിരച്ചിലിനായി ഫിഷറീസ് വകുപ്പിന്റെ അഞ്ച് ബോട്ടുകളും പുറപ്പെടുന്നുണ്ട്. ഇതുവരെ സംയുക്തസേന ഇതുവരെ 359 പേരെ രക്ഷപ്പെടുത്തിയതായാണ് കണക്ക്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്