×

ഒടുവില്‍ ഹാദിയക്ക് സ്വാതന്ത്ര്യം . . പഠനം തുടരാം . . പക്ഷേ ഭര്‍ത്താവിനൊപ്പം വിട്ടില്ല

ന്യൂഡല്‍ഹി : ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി. സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി.

മാതാപിതാക്കളുടെ സംരക്ഷണം ഇനിയില്ല, കോളെജ് ഡീന്‍ ലോക്കല്‍ ഗാര്‍ഡിയനായിരിക്കുമെന്നും കോടതി അറിയിച്ചു.

പക്ഷെ ഭര്‍ത്താവിനൊപ്പം കഴിയണമെന്ന ഹാദിയയുയെ ആവശ്യം തല്‍ക്കാലം കോടതി അംഗീകരിച്ചില്ല. സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു അതെല്ലാം പിന്നീട് പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

ഡല്‍ഹിയില്‍ നിന്ന് കോളെജിലേക്ക് കൊണ്ടുപോകാം. അതുവരെ കേരളാ ഹൗസില്‍ താമസിക്കണം. സേലത്തേക്ക് എത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.

എന്നാല്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും.

തനിക്ക് സ്വാതന്ത്ര്യം വേണമെന്നും തന്നെ ഷെഹിന്‍ സംരക്ഷിച്ചുകൊള്ളുമെന്നും ഹാദിയ കോടതിയില്‍ വ്യക്തമാക്കിരുന്നു.

വിശ്വാസം അനുസരിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നും, പഠനം പൂര്‍ത്തിയാക്കാനനുവദിക്കണമെന്നും പരിഭാഷകന്റെ സഹായത്തോടെ ഹാദിയ കോടതിയെ അറിയിച്ചിരുന്നു.

എന്താണ് സ്വപ്നമെന്ന ജഡ്ജിയുടെ ചോദ്യത്തിനായിരുന്നു ഹാദിയയുടെ മറുപടി.

ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് ആഗ്രഹമെന്നും തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഭര്‍ത്താവിന് എന്റെ പഠന ചെലവ് വഹിക്കാന്‍ കഴിയുമെന്ന് ഹാദിയ മറുപടി നല്‍കിയിരുന്നു.

11 മാസമായി മാനസികപീഡനം അനുഭവിക്കുന്നു, മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന ലഭിക്കണം. ഭര്‍ത്താവിനെ കാണണം. ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.

തുറന്ന കോടതിയിലാണ് ഹാദിയയുടെ വാദം കേട്ടത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.

ഷെഫീന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുകളുണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

ഐഎസ് റിക്രൂട്ടര്‍ മന്‍സി ബുറാഖിയോട് ഷെഫീന്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും, ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്നും ഷെഫീന്‍ ജഹാന്‍ ചോദിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി.

ഷെഫീന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണെന്നും, കേസിന്റെ വിധി വര്‍ഗ്ഗീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ വാദത്തിന് ബലം നല്‍കുന്നതാവാം എന്‍ഐഎ അന്വേഷണ സംഘം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

മഞ്ചേരിയിലെ സത്യസരണി ഒട്ടേറെപ്പേരെ മതം മാറ്റിയിട്ടുണ്ടെന്നും, ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതില്‍ ഈ സംഘനകളുടെ സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞെന്നും, കേസ് വര്‍ഗീയ മാനമുള്ളതാണെന്നും തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, എന്‍ഐഎയുടെ അന്വേഷണം കോടതിയലക്ഷ്യമാണെന്ന് ഷെഫീന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു.

ഹാദിയയുടെ വാദം കേള്‍ക്കുന്നില്ലെന്നും,വ്യക്തിസ്വാതന്ത്രത്തിന്റെ പ്രശ്നത്തിന് വര്‍ഗ്ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്, അതിന്റെ അനന്തര ഫലം അവള്‍ അനുഭവിക്കുമെന്നും’ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

ഒരു സ്ത്രീക്ക് അവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫീന്‍ ജഹാനും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരായിരുന്നു ഡിവിഷന്‍ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

തുറന്ന കോടതിയിലെ വാദം പുനഃപരിശോധിക്കണമെന്നും ജഡ്ജിമാര്‍ നേരിട്ട് ഹാദിയയുമായി സംസാരിക്കണമെന്നും അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടിരുന്നു.

കനത്ത സുരക്ഷയിലാണ് ഹാദിയ കോടതിയില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുവന്നത്.

താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയിലും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top