ഇനിയ മലയാളസിനിമയില്‍ കോക്കസ്സുകളുണ്ട്?
ക്യാമറയുടെ മുന്നിലെത്തുന്പോള്‍ ഇനിയ കഥാപാത്രത്തിന്‍റെ പള്‍സറിയുന്നു. സംവിധായകന്‍റെ മനസ്സിലുള്ള കഥാപാത്രത്തിന്‍റെ മാനറിസങ്ങളിലൂടെ സഞ്ചരിക്കാന്‍ ഇനിയ പരമാവധി ശ്രമിക്കാറുണ്ട്.
മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ ഇനിയ തമിഴില്‍ മാത്രം ഇരുപതിലധികം സിനിമകളിലാണ് നായികയായി തിളങ്ങിയത്. തമിഴില്‍ ചുവടുറപ്പിക്കുന്പോഴും മലയാളത്തില്‍നിന്നുള്ള ഓഫറിനു വേണ്ടി ഇനിയ കാത്തിരുന്നു.
അമര്‍ അക്ബര്‍ അന്തോണിയില്‍ ബാര്‍ ഡാന്‍സറായി എത്തിയതോടെ ഇനിയയുടെ മനസ്സില്‍ വീണ്ടുംമലയാളത്തിലേക്ക് കടന്നുവരാനുള്ള ആഗ്രഹത്തിന് ചിറകുമുളച്ചു.
ടെലിഫിലിമുകളിലും ഹ്രസ്വ ചിത്രങ്ങളിലും ബാലതാരമായി അരങ്ങേറ്റം കുറിച്ച ഇനിയ ശ്രീഗുരുവായൂരപ്പന്‍, ഓമ്മകള്‍ ഉള്‍പ്പെടെയുള്ള സീരിയലുകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.
സൈറയിലൂടെയാണ് ഇനിയ സിനിമയിലേക്കെത്തിയത്. തുടര്‍ന്ന് വിജയകൃഷ്ണന്‍റെ ദലമര്‍മ്മരങ്ങള്‍, ഉമ്മ തുടങ്ങിയ സിനിമകളിലും അഭിനയിച്ച ഇനിയ പരസ്യചിത്രങ്ങളിലും സജീവസാന്നിധ്യമായിരുന്നു. മോഡലിംഗ് രംഗത്തും ശ്രദ്ധ പതിപ്പിച്ച ഇനിയ 2005-ല്‍ മിസ് ട്രിവാന്‍ഡ്രമായി തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ഇതിവൃത്തമാക്കിയുള്ള സേക്രെട്ട് ഫേസ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
‘പാഠകശാലൈ’ എന്ന ചിത്രത്തിലൂടെയാണ് ഇനിയ തമിഴിലേക്കെത്തിയത്. തുടര്‍ന്ന് മികവാര്‍ന്ന അഭിനയത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനസ്സിലും ഇടംപിടിച്ചു.
തൃശൂരില്‍ ചിത്രീകരണം നടന്ന സ്വര്‍ണ്ണക്കടുവയെന്ന ചിത്രത്തിന്‍റെ സെറ്റിലാണ് ഇനിയയെ കണ്ടത്. ഈ ചിത്രത്തില്‍ ബിജുമേനോന്‍റെ നായികയായാണ് അഭിനയിക്കുന്നത്.
മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന ഇനിയ സിനിമാമംഗളത്തിന്‍റെ വായനക്കാരുമായി സംസാരിക്കുന്നു.
? സ്വര്‍ണ്ണക്കടുവയെന്ന ചിത്രത്തിലൂടെ ഇനിയ മലയാളത്തില്‍ ചുവടുറപ്പിക്കുകയാണോ…
ഠ സ്വര്‍ണ്ണക്കടുവയില്‍ ബിജുവേട്ടന്‍റെ നായികയായാണ് അഭിനയിക്കുന്നത്. മലയാളത്തില്‍ ചുവടുറപ്പിക്കണമെന്നു തന്നെയാണ് എന്‍റെ ആഗ്രഹം. ഈ ിത്രത്തില്‍ വളരെ ബോള്‍ഡായ അഭിനയ സാധ്യതയുള്ള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്.
? മലയാളത്തില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതായപ്പോഴാണോ തമിഴിലേക്കു പോയത്…
ഠ അതെ, തുടക്കം മുതല്‍ക്കേ തമിഴില്‍നിന്നും ധാരാളം ഓഫറുകള്‍ വന്നെങ്കിലും മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു.
മലയാളത്തില്‍ ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ഒമേഗ, റേഡിയോ, വെള്ളിവെളിച്ചത്തില്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്. സത്യം പറഞ്ഞാല്‍ പ്രതീക്ഷിച്ച തരത്തില്‍ മലയാളസിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതായപ്പോഴാണ് ഞാന്‍ തമിഴിലേക്ക് പോയത്.
? മലയാളിയായ നായികാനടിയെന്ന നിലയില്‍ തമിഴില്‍നിന്നും കാര്യമായ ഓഫര്‍ ലഭിച്ചിരുന്നോ…
ഠ തീര്‍ച്ചയായും മലയാളം ഫിലിം ഇന്‍ഡസ്ട്രിയെക്കുറിച്ച് എല്ലാവര്‍ക്കും നല്ല മതിപ്പാണ്. ബുദ്ധിപരമായ രീതിയില്‍ സിനിമ എടുക്കുന്നവര്‍ മലയാളികളാണെന്ന് എല്ലാവരും പറയാറുണ്ട്.
മാത്രമല്ല മലയാളസിനിമയില്‍ അഭിനയിച്ചു വരുന്നവര്‍ നല്ല ടാലന്‍റുള്ള നടിമാരായിരിക്കുമെന്ന് തമിഴിലെ സംവിധായകര്‍ക്ക് നല്ലതുപോലെ അറിയാം. വളരെയേറെ റെസ്പെക്ടോടെയാണ് മറ്റു ഭാഷാചിത്രങ്ങളിലുള്ളവര്‍ പെരുമാറാറുള്ളത്. പാഠകശാലൈ എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ തമിഴിലെത്തിയത്.
? തമിഴ് സിനിമയില്‍െ ഇനിയയുടെ എക്സ്പീരിയന്‍സിനെക്കുറിച്ച്…
ഠ തമിഴില്‍ ഇരുപതിലധികം സിനിമകളില്‍ നായികയായി അഭിനയിച്ചെങ്കിലും വാകൈ സൂട വാ എന്ന എന്‍റെ കഥാപാത്രം ഏറെചര്‍ച്ച ചെയ്യപ്പെട്ടതോടെ നല്ല ഓഫറുകള്‍ വരാന്‍ തുടങ്ങി.
മൗനഗുരുവിലെ ആരതിയും ചെന്നൈയില്‍ ഒരുനാള്‍ എന്ന ചിത്രത്തിലെ ശ്വേതയും നാന്‍ സിഗപ്പുമനിതനില്‍ വിശാലിന്‍റെ നായികയായ കവിതയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചാപ്പാകുരിശിന്‍റെ തമിഴ് പതിപ്പായ ‘പുലിവാല്‍’ എന്ന ചിത്രത്തില്‍ പവിത്രയെന്ന ശ്രദ്ധേയമായൊരു വേഷം ചെയ്തു.
? മലയാളത്തിനും തമിഴിനും പുറമെ മറ്റു ഭാഷാചിത്രങ്ങളിലെ അഭിനയം…
ഠ തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളില്‍നിന്ന് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. നല്ല കഥാപാത്രങ്ങളാണെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ലീലയെന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും കടന്നിരിക്കുകയാണ്. ഈ ചിത്രത്തിന്‍റെ കന്നട റീമേക്കിലും ഞാനുണ്ടാവും.
? തമിഴില്‍ ഫാന്‍സുകാരുണ്ടോ…
ഠ തമിഴ് സിനിമയില്‍ ഞാനും അറിയപ്പെടുന്ന അഭിനേത്രിയായി മാറിക്കഴിഞ്ഞു. ആരാധകരായി ധാരാളം പേരുണ്ട്. വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് എന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ എന്നോട് ഇടപെടാറുള്ളത്.
മലയാളത്തില്‍നിന്ന് വ്യത്യസ്തമായി പി.ആര്‍. വര്‍ക്ക് കൃത്യമായി നടത്തിയാലേ ഓരോ താരങ്ങള്‍ക്കും ഇന്നത്തെ കാലത്ത് തമിഴില്‍ നിലനില്‍ക്കാനാവൂ. തമിഴില്‍ എനിക്ക് ഓണ്‍ലൈന്‍ മാനേജരുണ്ട്.
? മലയാളത്തില്‍നിന്നും ഒതുക്കപ്പെടുകയായിരുന്നുവെന്ന് ഫീല്‍ ചെയ്തിട്ടുണ്ടോ…
ഠ മലയാളസിനിമയില്‍ വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ കോക്കസുകളുണ്ടെന്ന് എന്‍റെ ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. എന്നോട് ചെയ്യണമെന്നു പറഞ്ഞ കഥാപാത്രം ഞാനറിയാതെ മറ്റൊരാള്‍ ചെയ്തുവെന്നറിയുന്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.
ഇത്തരം ഘട്ടങ്ങളിലാണ് ഞാന്‍ ഒതുക്കപ്പെടുകയായിരുന്നുവെന്ന ഫീലുണ്ടായത്. എന്നാല്‍ എനിക്കു ലഭിക്കേണ്ടത് എന്നെ തേടി വരുമെന്ന വിശ്വാസമാണ് എനിക്കുള്ളത്. അതുകൊണ്ട് എന്‍റെ റൂട്ട് കൃത്യമായതുകൊണ്ട് ഞാനിപ്പോള്‍ ഇത്തരം കാര്യങ്ങളിലൊന്നും വിഷമിക്കാറില്ല.
? മലയാളസിനിമയില്‍ നവാഗതരായ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കണമെന്നു തോന്നിയിട്ടുണ്ടോ…
ഠ തീര്‍ച്ചയായും. മലയാളസിനിമയില്‍ നവാഗതരായ സംവിധായകര്‍ കഴിവുള്ളവരാണ്. സമീപകാലത്ത് മലയാളത്തിലിറങ്ങിയ പുതുതലമുറയുടെ സിനിമകളിലെല്ലാം പുതിയ കാഴ്ചപ്പാടുകളുണ്ട്.
ഇവരുടെ വേ ഓഫ് തിങ്കിംഗ് വ്യത്യസ്തമാണ്. യാതൊരുവിധ ലോജിക്കുമില്ലാതെ സിനിമ ചെയ്യാന്‍ ശ്രമിക്കാതെ സ്റ്റോറി ഡെപ്ത്തോടെ പറയാനാണ് ഇവര്‍ ശ്രമിക്കാറുള്ളത്.
തിയേറ്ററില്‍ രണ്ടരമണിക്കൂര്‍ ചിരിക്കാനും ചിന്തിക്കാനുമുള്ള ഹ്യൂമര്‍ സബ്ജക്ടുകള്‍ മനോഹരമായി പ്രസന്‍റ് ചെയ്യാന്‍ ഇവര്‍ക്കു കഴിയുന്നുണ്ട്.
? സിനിമയില്ലാത്ത ഇടവേളകള്‍…
ഠ ഞാനിപ്പോള്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ബി.ബി.എ.യ്ക്ക് പഠിക്കുകയാണ്. ഇതിനു പുറമേ സിനിമാതാരങ്ങളുടെ ഷട്ടില്‍ കളിയുടെ സെലിബ്രിറ്റി ബാന്‍റ് മാസ്റ്ററാണ്.
ദുബായില്‍ നടന്ന ഷട്ടില്‍ ലീഗ് ടൂര്‍ണമെന്‍റില്‍ ഞങ്ങളുടെ ചെന്നൈ ഈഗിള്‍സ് വിജയിച്ചു. ധനുഷ്, ജയം രവി, പ്രസന്ന തുടങ്ങിയ താരങ്ങളൊക്കെ ചെന്നൈ ഈഗിള്‍സിലുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്