ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ആലുവ: ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മണപ്പുറം ശിവക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ചേന്നാസ് മനക്കല്‍ പരമേശ്വരന്‍ നമ്ബൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനക്കല്‍ സുബ്രഹ്മണ്യന്‍ നമ്ബൂതിരിപ്പാടുമാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.ബലിതര്‍പ്പണത്തിനും ക്ഷേത്രദര്‍ശനത്തിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ മുതല്‍ എത്തിയ ഭക്തര്‍ ഒറ്റക്കൊറ്റക്ക് ബലിതര്‍പ്പണം നടത്തുന്നുണ്ട്. ഉച്ചമുതലായിരിക്കും കൂട്ടമായി ഭക്തര്‍ മണപ്പുറത്തേക്കെത്തുക. സന്ധ്യ കഴിയുന്നതോടെ തിരക്ക് കൂടും. നഗരത്തിലെത്തുന്നവര്‍ക്ക് സ്ഥിരം നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് കടക്കാന്‍ കഴിയും. ബലിതര്‍പ്പണം നടത്തുന്ന പെരിയാര്‍ തീരത്ത് അപകടമുണ്ടാകാതിരിക്കാന്‍ പുഴയില്‍ മണല്‍ ചാക്കുകള്‍ നിരത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനും വിപുലമായ സംവിധാനങ്ങളുണ്ട്. ഒരേസമയം 14000 ലിറ്റര്‍ വെള്ളം സ്റ്റോക്കുണ്ടാകും. നഗരസഭയുടെ അധീനതയിലുള്ള മണപ്പുറത്തും നഗരത്തിലും വിപുലമായ സൗകര്യങ്ങളാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്. തിരക്കേറിയ ഭാഗങ്ങളില്‍ ബാരിക്കേട് കെട്ടി തിരിച്ചിട്ടുണ്ട്.
നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ മണപ്പുറത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പൂര്‍വ്വികര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി പതിനായിരങ്ങളാണ് ആലുവ മണപ്പുറത്തേക്ക് ഒഴുകിയത്തുക. പിതൃതര്‍പ്പണത്തിന് വിശ്വാസികള്‍ക്കിടയില്‍ ഏറെ പേരുകേട്ട സ്ഥലമാണ് പെരിയാര്‍ തീരത്തെ ആലുവ മണപ്പുറം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിവരാത്രി ബലിതര്‍പ്പണം നടക്കാറുണ്ടെങ്കിലും ആലുവ മണപ്പുറത്തിനാണ് പ്രാധാന്യം. അതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും ഭക്തര്‍ ആലുവയിലേക്ക് ഇന്ന് എത്തിച്ചേരും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ആലുവ നഗരസഭ, എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭയുടെ ആഭിമുഖ്യത്തില്‍ മൂന്നാഴ്ച നീണ്ട് നില്‍ക്കുന്ന വ്യാപാരമേള നടക്കും. ഇക്കൊല്ലവും സാംസ്കാരിക പരിപാടിയായ ദൃശ്യോല്‍സവവും നടക്കും.
ക്രമസമാധാനപാലനത്തിനായി റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം നഗരത്തിലും മണപ്പുറത്തും ക്യാമ്ബ് ചെയ്യുന്നുണ്ട്. 10 ഡിവൈ.എസ.പിമാര്‍, 50 ഓളം സി.ഐ.മാര്‍, നൂറോളം എസ്.ഐമാര്‍ എന്നിവര്‍ക്ക് പുറമേ 1500 പോലീസുകാരും ഉണ്ട്. സ്ത്രീകളുടെ സുരക്ഷക്കായി വനിതാ പോലീസുകാരുമുണ്ടാകും.തിരക്ക് കൂടിയ ഭാഗങ്ങളില്‍ നിരീക്ഷണത്തിന് ക്ളോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വാച്ച് ടവറുകളും പ്ളാറ്റ് ഫോമുകളും തയ്യാറാക്കിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്