×

ആര്‍.എം.പി എന്നത് രമയുടെ മാത്രം പാര്‍ട്ടിയായി മാറും.എല്ലാർക്കും സിപിഎം ലേക്ക് സ്വാഗതം

വടകര: ടി.പി ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചന്ദ്രശേഖരന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായിരുന്നു. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയാതാണെങ്കിലും അടുക്കാന്‍ കഴിയുന്ന അവസരങ്ങളില്‍ അടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആര്‍.എം.പി നേതൃത്വം സി.പി.എം നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

സി.പി.എം-ആര്‍.എം.പി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പാര്‍ട്ടിവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ സി.പി.എം ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് കോടിയേരിയുടെ പരാമര്‍ശം.ആര്‍.എം.പിക്ക് ഒരു ആശയം മാത്രമേ ഇപ്പോഴുള്ളൂ.അത് സി.പി.എം വിരോധമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

ഇതിന്റെ പേരില്‍ ആര്‍.എം.പിയെ കോണ്‍ഗ്രസ് കൂടാരത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ആര്‍.എം.പി എന്ന പ്രസ്ഥാനം കാലഹരണപ്പെട്ടു കഴിഞ്ഞു.ഇത് മനസിലാക്കിയ നൂറുകണക്കിനാളുകള്‍ സി.പി.എമ്മിലേക്ക് തിരിച്ചുവരുന്നുണ്ട്.സ്വന്തം തടിതപ്പി നടക്കുന്ന നേതൃത്വത്തിന്റെ കീഴില്‍ എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അണികള്‍ ചിന്തിക്കണം.എല്ലാവരെയും സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു.

ആര്‍.എം.പി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും അണികളെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തുമായിരുന്നു കോടിയേരിയുടെ പ്രസംഗം. ആര്‍.എം.പി എന്നത് രമയുടെ മാത്രം പാര്‍ട്ടിയായി മാറും. ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി നേതാക്കളെയും അണികളെയും പിടികൂടിയപ്പോള്‍ പോലീസ് നേതാക്കളെ വിട്ടു.അണികളെ ജയിലില്‍ അടച്ചു.എന്തുകൊണ്ട് അണികള്‍ക്കു വേണ്ടി നേതാക്കള്‍ വാദിച്ചില്ല.ഇത്തരം നേതാക്കള്‍ക്കു കീഴില്‍ എത്രകാലം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോടിയേരി ചോദിച്ചു.

റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളും ആര്‍.എം.പി നേതാക്കളും ശ്രമിക്കുന്നത്.ഇത് കണ്ടുകൊണ്ടാണ് ഒട്ടേറെ പേര്‍ ആര്‍.എം.പി വിടുന്നത്.ഇവരെ അടിച്ച്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതൊന്നും നടക്കില്ലെന്നും കോടിയേരി പറഞ്ഞു.

ആര്‍.എം.പിക്കാര്‍ ഒരിക്കലും നമ്മുടെ വര്‍ഗശത്രുവല്ല.കോണ്‍ഗ്രസും ബി.ജെ.പിയുമാണ് വര്‍ഗശത്രു. എന്നാല്‍ ആര്‍.എം.പിക്കാകട്ടെ കോണ്‍ഗ്രസും ബി.ജെ.പിയും ശത്രുവേ അല്ല. ഈ രാഷ്ട്രീയം ശരിയാണോ എന്ന് അവര്‍ ചിന്തിക്കണമെന്നും കോടിയേരി പറഞ്ഞു. സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് അധ്യക്ഷത വഹിച്ചു.ആര്‍.എ.പിയില്‍ നിന്ന് സി.പി.എമ്മിലേക്ക് വന്ന അഞ്ചുപേരെ ജില്ലാ സെക്രട്ടറി പി.മോഹനന്‍ സ്വീകരിച്ചു.പി.സതീദേവി,എന്‍.ബാലകൃഷ്ണന്‍,ആര്‍.ഗോപാലന്‍,ഇ.എം.ദയാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top