അരുംകൊല; രാപകല്‍ സമരത്തിന് ആഹ്വാനവുമായി ആദിവാസി സംരക്ഷണ സമിതി
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളെയും പിടിക്കുന്നതുവരെ അഗളി പൊലീസ് സ്റ്റേഷനു മുന്‍പില്‍ രാപകല്‍ സമരം ആരംഭിക്കുമെന്ന് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി .
സംഭവം നിയന്ത്രണ വിധേയമാക്കാന്‍ അട്ടപ്പാടിയില്‍ ഡിവൈഎസ്പി പി.കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി എസ്പി അറിയിച്ചു. സമരത്തിന് പ്രദേശി കോണ്‍ഗ്രസ് നേതൃത്വം പിന്തുണ നല്‍കിയിട്ടുണ്ട്. അതേ സമയം മധുവിന്റെ കുടുംബങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ സന്ദര്‍ശിക്കും. അഗളിയിലെ വീട്ടിലെത്തുന്ന പ്രതിപക്ഷ നേതാവ് കുടുംബാങ്ങളുമായി ആദിവാസി സമൂഹത്തിലെ ഊര് മൂപ്പന്‍മാരുമായും സംസാരിക്കും.
ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആര്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. ഇതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങള്‍ പരിഷ്‌കൃതസമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും, കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങളെ കളങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്