×

‘അമ്മമഴ’യ്‌ക്കു പിന്നാലെ പ്രണവിന്റെ `സ്‌നേഹവസന്തം’

ഏതൊരു പെണ്‍കുട്ടിയും ഗര്‍ഭം ധരിക്കുമ്പോള്‍ ഊണിലും ഉറക്കിലും മനസ്സില്‍ പ്രാര്‍ഥിക്കുന്ന കാര്യമുണ്ട്‌: `കുഞ്ഞിനെ ആരോഗ്യവാനാക്കണേയെന്ന്‌്‌’. പക്ഷേ, ഈ അമ്മയുടെ പ്രാര്‍ഥനയ്‌ക്ക്‌ ഈശ്വരന്‍ നല്‍കിയത്‌ വിഭിന്നശേഷിയാണ്‌, പ്രണവിലൂടെ…മഹാദേവ ഗാമം വെസ്റ്റിലെ ടി.എ.പ്രസന്നന്‍ , എം.വി. പ്രജിത ദമ്പതിമാരുടെ മകനായി, എട്ടാംമസത്തിലായിരുന്നു പ്രണവിന്റെ ജനനം. എല്ലാവരേയും പോലെ തന്നെയായിരുന്നു ആദ്യമവന്‍. കമഴ്‌ന്നും ഇരുന്നും വളര്‍ന്നു. പിച്ചവെക്കാന്‍ ഒരുങ്ങവേ അച്ഛനമ്മമാരറിഞ്ഞു- പ്രണവ്‌ സാധാരണ കുട്ടികളെ പോലെയല്ല…പിന്നീടറിഞ്ഞു, മകന്‌ സെറിബ്രല്‍ പ്ലാസ്സിയാണെന്ന്‌…

മരുന്നുകളും പ്രാര്‍ഥനകളുമായി വര്‍ഷങ്ങള്‍…ഒന്നിനും പരിഹാരമില്ലാത്ത പോലെ. മകനെങ്ങിനെ ജീവിക്കും എന്ന വിഷമം അമ്മയെ വല്ലാതലട്ടി… എന്നും അമ്മയുടെ സഹായമില്ലാതെ ഒന്നും പറ്റാത്ത കുട്ടി. പക്ഷേ, എപ്പോഴെന്നറിയില്ല , അവന്‍ മെല്ലെ മെല്ലെ നടന്നു തുടങ്ങി, അമ്മയുടെ കൈ പിടിച്ച്‌്‌…അവനില്‍ മറ്റു ചില കഴിവുകള്‍ ആരോ നല്‍കിയതു പോലെ. ഒരു തവണ കേട്ടാല്‍ മതി, കൃത്യമായി ഓര്‍മിക്കും. അതിന്റെ ബലത്തിലവന്‍ പഠിച്ചു; ചിന്തിച്ചു. പിന്നെ എഴുത്തു തുടങ്ങി- കവിതയും കഥയും അവന്റെ വിരല്‍ത്തുമ്പിലൂടെ കടലാസിലേക്ക്‌ പെയ്‌തിറങ്ങി…അതു പുസ്‌തകമായി. ആദ്യപുസ്‌തകം- `അമ്മമഴ’. അമ്മയുടെ കൈ താങ്ങും തണലുമായി എന്നും ഒപ്പമുള്ളതിനാലാവും. `അമ്മ’ അതായിരുന്നു അവന്‌ എല്ലാം… എന്നും…അമ്മയില്ലാത്ത ഒരുനിമിഷം പോലും പറ്റാത്തതിനാലാവണം, എഴുത്തിലും അമ്മ നിറഞ്ഞത്‌. നടക്കാനും എഴുതാനും വ്യക്തമായി വായിക്കാന്‍ പോലും അമ്മ വേണം. അങ്ങനെ അവനെ സ്വാധീനിച്ചതും സ്‌നേഹിച്ചതുമായ വ്യക്തികളായിരുന്നു എഴുത്തിലെ കഥാപാത്രങ്ങള്‍… പിന്നീടിങ്ങോട്ട്‌ വിശ്വസിക്കാവുന്നതിലേറെ അനുമോദന പ്രവാഹം ,മുഖ്യമന്ത്രിയുടെ അനുമോദന കത്തുൾപ്പെടെ . ആ അമ്മയുടെ കണ്ണുനീരിന്‌ കിട്ടിയ ഏറ്റവും വലിയ സമ്മാനം. `അമ്മമഴ’യിറങ്ങി ഒരുവര്‍ഷം പിന്നിടുമ്പോള്‍ `സ്‌നേഹവസന്ത’വുമായി പ്രണവ്‌ വീണ്ടും എത്തിയിരിക്കുകയാണ് അവനെ സ്‌നേഹിക്കുന്നവരിലേക്ക്‌..

പയ്യന്നൂർ താലൂക്ക് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയതോടെ ,ഒട്ടും പ്രതീക്ഷിക്കാതെ മുഖ്യനെ നേരിട്ട് കണ്ട് രണ്ടാമത്തെ പുസ്തകമായ ‘സ്നേഹവാസന്തം ‘ കൊടുക്കാൻ പറ്റിയ സന്തോഷത്തിലാണ് പ്രണവ്.അവന്ടെ മനസ്സിൽ കുറേനാളുകളായി സൂക്ഷിച്ച ആഗ്രഹമാണ് ഇന്നലെ സഫലമായത്.

ജീവിതക്കുറിപ്പുള്‍പ്പെടെ 18 കവിതകളടങ്ങിയതാണ്‌ `സ്‌നേഹവസന്തം’. എല്ലാം കാലികപ്രസക്തിയുള്ളവ .

എ.കുഞ്ഞിരാമന്‍ അടിയോടി സ്‌മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താതരംവിദ്യാര്‍ഥിയാണിപ്പോള്‍ ഈ മിടുക്കന്‍.

 

-അപർണ മുരളീധരൻ-

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top