മേവാനിയെ പ്രതിരോധിക്കാന്‍ പാസ്വാനെ ഇറക്കി ബിജെപി
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഘ്നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദളിത് വിഭാഗത്തെ സ്വാധീനിക്കാന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനെ ഇറക്കി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.
കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ രാം വിലാസ് പാസ്വാന്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, ജിഘ്മേവാനി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നല്‍കുകയായിരുന്നു.
ബിജെപിയുടെ പ്രചാരണ പരിപാടിയായ ഗൗരവ് സമ്ബര്‍ക് അഭിയാന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ താന്‍ പങ്കെടുക്കുമെന്ന് പാസ്വാന്‍ അഹമ്മദാബാദിലെ ബിജെപി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇതിന് പുറമെ ദളിതരുടെ ശക്തി കേന്ദ്രമായ ദാനിലിംദ മേഖലയില്‍ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.
പാസ്വാന് പുറമെ കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗലോട്ട്, ജലവിഭവ വകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാര്‍ ഉള്‍പ്പെടെയുള്ള ദളിത് നേതാക്കളും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെതിരായ ദളിത് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു ജിഘ്നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാം വിലാസ് പാസ്വാനെയും ബിജെപി ഗുജറാത്തില്‍ എത്തിച്ചിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്