ഒന്ന് വീതം മൂന്ന് നേരം പത്രസമ്മേളനങ്ങള്‍ ; കേരള പുനര്‍നിര്‍മ്മാണ ഫണ്ട് ആരംഭിക്കണം- വി.ടി ബല്‍റാം
എന്തുകൊണ്ടാണ് ഇത്തരമൊരു കേരള പുനര്‍നിര്‍മ്മാണ ഫണ്ട് ആരംഭിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ:
പ്രളയാനന്തരം കേരളത്തെ പുന:സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കായി പതിനായിരക്കണക്കിന് കോടി രൂപയുടെ ആവശ്യമുണ്ടെന്നും അതിനായി കേരളം ഒന്നിച്ചു നില്‍ക്കണമെന്നും വ്യക്തികളും സംഘടനകളുമൊക്കെ ഒരു മാസത്തെ ശമ്ബളവും വരുമാനവുമൊക്കെ സര്‍ക്കാരിന് നല്‍കണമെന്നുമൊക്കെയുള്ള ക്യാമ്ബയിന് ബഹു.മുഖ്യമന്ത്രി തന്നെ തുടക്കം കുറിച്ചിരിക്കുകയാണല്ലോ. സാമാന്യം നല്ല പ്രതികരണമാണ് ഈ ക്യാമ്ബയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാട്ടിലും വിദേശത്തുമുള്ള നിരവധി മലയാളികള്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ വേണ്ടി കടന്നുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ എന്ന നിലയിലുള്ള എന്റെ സംഭാവന 50,000 രൂപ ബഹു. പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം പാര്‍ലമെന്റി പാര്‍ട്ടി ഓഫീസിന് നല്‍കിയിട്ടുണ്ട്. എല്ലാ എംഎല്‍എമാരുടേയും വിഹിതം ചേര്‍ത്ത് ഇന്നോ നാളെയോ ആയി അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമിച്ച് കൈമാറുന്നതാണ്. തൃത്താല മണ്ഡലത്തിലെ രണ്ടു പേര്‍ നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്കുകള്‍ ഇന്നലെ നിയമസഭയില്‍ വച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന്റേയും ദുരിതാശ്വാസത്തിന്റേയും ആദ്യഘട്ടം കഴിഞ്ഞു എന്നും ഇനി ഉദ്ദേശിക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വേണ്ടിവരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം ഈയാവശ്യത്തിനായി പുതുതായി ഒരു ഫണ്ട് സൃഷ്ടിച്ച് അതിലേക്ക് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നുമുള്ള ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിട്ട് ഒരാഴ്ചയെങ്കിലുമായി. ‘സാലറി ചാലഞ്ച്’ എന്ന ആശയം മുന്നോട്ടുവച്ച ജെ.എസ് അടൂരടക്കമുള്ള വിദഗ്ദരും നിരവധി മാധ്യമ പ്രവര്‍ത്തകരും ഇടതുപക്ഷത്തെത്തന്നെ പല പ്രമുഖരും ആവശ്യപ്പെടുന്ന ഈ സെപ്പറേറ്റ് അക്കൗണ്ട് എന്ന നിര്‍ദ്ദേശത്തോട് സര്‍ക്കാര്‍ എന്തിനാണ് ഇപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഇന്നലെ നിയമസഭയിലും പ്രതിപക്ഷത്തുനിന്ന് പലരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. നിസ്സാര പരാമര്‍ശങ്ങള്‍ക്ക് പോലും മറുപടി പറഞ്ഞ മുഖ്യമന്ത്രി പക്ഷേ ഈയാവശ്യം കേട്ടില്ലെന്ന് നടിക്കുകയാണുണ്ടായത്.
എന്തുകൊണ്ടാണ് ഇത്തരമൊരു കേരള പുനര്‍നിര്‍മ്മാണ ഫണ്ട് ആരംഭിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്ന് വീതം മൂന്ന് നേരം പത്രസമ്മേളനങ്ങള്‍ വിളിക്കുന്ന അദ്ദേഹത്തോട് ആര്‍ജ്ജവമുള്ള പത്രപ്രവര്‍ത്തകര്‍ ഈ ചോദ്യം ഉന്നയിച്ച് മറുപടി ജനങ്ങള്‍ക്ക് ലഭ്യമാക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അടിയന്തര ആവശ്യങ്ങള്‍ക്കുള്ളതാണ്. സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ കാലതാമസവും ചുവപ്പ് നാടയും പരമാവധി കുറച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് അത്യാവശ്യ സഹായം നല്‍കാനുദ്ദേശിച്ചുള്ളതാണ് അത്. അതുകൊണ്ടുതന്നെ ആര്‍ക്കു കൊടുക്കണം, എന്തിന് കൊടുക്കണം, എത്ര വച്ച് കൊടുക്കണം എന്നതൊക്കെ മുഖ്യമന്ത്രിയുടേയും പ്രയോഗ തലത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിന്റേയും വിവേചനാധികാരമായി മാറുന്ന തരത്തിലാണ് CMDRFന്റെ ഘടന. ആര്‍ക്കൊക്കെ സഹായം കൊടുത്തു എന്നതിനേക്കുറിച്ച് പിന്നീട് വിവരാവകാശനിയമം വഴിയൊക്കെ അറിയാന്‍ സാധിച്ചേക്കും, എന്നാല്‍ എന്താണതിന് സ്വീകരിച്ച മാനദണ്ഡം എന്നതിനേക്കുറിച്ച് ഒരു വിശദീകരണം ആര്‍ക്കും ലഭിക്കില്ല.
ജനകീയ പങ്കാളിത്തത്തോട് കൂടിയുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന മഹാദൗത്യം ഇങ്ങനെ തോന്നുംപടി ചെയ്യേണ്ടതല്ല. അതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകണം, മാര്‍ഗരേഖകളുണ്ടാകണം, ഓരോ രൂപയും എന്താവശ്യത്തിന് എത്ര കാര്യക്ഷമമായി വിനിയോഗിച്ചു എന്ന് ലോകത്തെവിടെയും ഇരുന്ന് ഏത് മലയാളിക്കും നിരന്തരം വിലയിരുത്താന്‍ കഴിയുന്നത്ര സുതാര്യമാവണം. അതുകൊണ്ടാണ് പ്രത്യേക അക്കൗണ്ട് വേണം എന്ന ആവശ്യത്തിന്റെ പ്രസക്തി.
അടിയന്തിര സഹായം എന്ന നിലയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രയോജനകരമാവാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. മഹാപ്രളയം കഴിഞ്ഞ് രണ്ടാഴ്ച ആവുന്നു. ഇതുവരെ ആദ്യസഹായമായ വെറും പതിനായിരം രൂപ പോലും ദുരിതബാധിതര്‍ക്ക് കിട്ടിയിട്ടില്ല. മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് ആദ്യഘട്ട സഹായം ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയത്. അത് താലൂക്കുകള്‍ക്ക് കൈമാറി അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാന്‍ ഇനിയും ആഴ്ചകള്‍ കഴിയും. നേരിട്ടുള്ള അനുഭവം പറയുകയാണെങ്കില്‍ പട്ടാമ്ബി താലൂക്കില്‍ അര്‍ഹരായി റവന്യൂ അധികാരികള്‍ കണ്ടെത്തിയ 3092 കുടുംബങ്ങളില്‍ വെറും 200ഓളം ആളുകള്‍ക്ക് മാത്രമാണ് ആദ്യഘട്ട സഹായം ഇതുവരെ നല്‍കിയിട്ടുള്ളത്.
മാസാമാസം കൊടുക്കേണ്ട ക്ഷേമപെന്‍ഷനുകള്‍ പോലും എല്ലാവരുടേയും വീട്ടില്‍ കൊണ്ടുചെന്ന് കൊടുക്കുക എന്നത് വലിയ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ദുരന്തം ബാധിച്ചവര്‍ക്കുള്ള നാമമാത്ര സഹായം നല്‍കുന്നതിന് ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും മറ്റ് രേഖകളുമൊക്കെ കര്‍ശനമാക്കുന്നതെന്ന് മനസ്സിലാവുന്നില്ല. പലര്‍ക്കും ഈ രേഖകള്‍ നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യത പോലും പരിഗണിക്കുന്നില്ല എന്നത് കഷ്ടമാണ്. റിലീഫ് ക്യാമ്ബുകളില്‍ വച്ച് തന്നെ ഈ അടിയന്തിര സഹായം നല്‍കിയിരുന്നുവെങ്കില്‍ തിരിച്ച് വീട്ടിലെത്തുന്നവര്‍ക്ക് വൃത്തിയാക്കാനും അത്യാവശ്യം വീട്ടുപകരണങ്ങള്‍ വാങ്ങാനും ആ തുക ഉപയോഗപ്പെടുത്താമായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്