വീണ്ടും പീഢനം; നിനക്ക് …. ഉണ്ടോയെന്ന് നോക്കട്ടെ. സംഭവം കോട്ടക്കലില്‍
സാംസ്‌കാരിക കേരളം വീണ്ടും തലതാഴ്ത്തുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കി ലോകത്തിന് തന്നെ മാതൃകയായ കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നേരിടുന്നു. ഇന്നലെ രാത്രി മലപ്പുറം കോട്ടയ്ക്കലില്‍ ലയ(ഷഹല്‍) എന്ന ട്രാന്‍സ്‌ജെന്‍ഡറിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി എട്ടുമണിയോട് അടുപ്പിച്ച് ഭക്ഷണം കഴിക്കാനായി കോട്ടയ്ക്കല്‍ ടൗണില്‍ എത്തിയ ലയയെ ബൈക്കിലെത്തിയ രണ്ട് പേര്‍ തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇതില്‍ ഒരാള്‍ തന്റെ അയല്‍വാസിയായ ഷിഹാബുദ്ദീന്‍ എന്നയാളാണെന്ന് ലയ അഴിമുഖത്തോട് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷിഹാബുദ്ദീന്‍ തന്നോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് വഴങ്ങാത്തതിന്റെ വൈരാഗ്യം അയാള്‍ക്കുണ്ടെന്നുമാണ് ലയ പറയുന്നത്. നഗരമധ്യത്തില്‍ വച്ച് തന്നെ തടഞ്ഞു നിര്‍ത്തി വസ്ത്രധാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് മറുപടി പറഞ്ഞതോടെയാണ് ഇന്നലത്തെ പ്രശ്‌നങ്ങളുടെ തുടക്കം. ‘നീയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ അല്ല. വെറും വേഷംകെട്ടലാണ്. അങ്ങനെയാണെങ്കില്‍ നിനക്ക് ലിംഗമുണ്ടോയെന്ന് നോക്കട്ടെയെന്ന് പറഞ്ഞാണ് ആളുകളുടെ മുന്നില്‍ വച്ച് എന്റെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചത്. അതിനെ എതിര്‍ത്തപ്പോള്‍ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു’ ലയ വിശദീകരിച്ചു. പിന്നീട് ലയ കോട്ടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് സ്‌റ്റേഷനില്‍ നിന്നും തനിക്ക് മാന്യമായ പ്രതികരണമാണ് ലഭിച്ചതെന്നും പോലീസുകാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നും ലയ പറയുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് കീറിയ വസ്ത്രത്തിന് പകരം ഒരു സാരി ലഭിച്ചത്. മലപ്പുറം താലൂക്ക് ആശുപത്രിയിലാണ് ലയ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് രാവിലെയായപ്പോഴേക്കും ശരീരമാസകലം നല്ല വേദന ആരംഭിച്ചിട്ടുണ്ട്. ചവിട്ട് കൊണ്ടതിനാല്‍ കാലുകളിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും നീരും കയ്യില്‍ മുറിപ്പാടും കഴുത്തില്‍ ഞെക്കിപ്പിടിച്ചതിന്റെ വിരല്‍പ്പാടുമുണ്ട്.
പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതറിഞ്ഞ് ഷിഹാബുദ്ദീന്‍ തന്നെ വിളിച്ചുവെന്നും പരാതിയുമായി മുന്നോട്ട് പോയാല്‍ തന്നെയും തന്റെ സുഹൃത്തായ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡറിനെയും ഈ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ലയ പറഞ്ഞു. ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും അതിനാല്‍ തന്നെ പരാതിയുമായി മുന്നോട്ട് പോകാനാണ് പലരും തന്നോട് പറയുന്നതെന്നും ലയ കൂട്ടിച്ചേര്‍ത്തു. അതേസമയം കേസെടുത്തിട്ടില്ലെന്നാണ് കോട്ടയ്ക്കല്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അഴിമുഖത്തിന് അറിയാന്‍ കഴിഞ്ഞത്. വസ്ത്രം വലിച്ചു കീറിയെന്ന് പറഞ്ഞ് കേസെടുക്കാനാകില്ലെന്നും അതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും കോട്ടയ്ക്കല്‍ പോലീസ് പറഞ്ഞു. ഇന്ന് രാവിലെ ആശുപത്രി രേഖകളും ലയയുടെ മൊഴിയും വച്ച് മാത്രമേ കേസെടുക്കൂ. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറിയെന്നത് കേസെടുക്കേണ്ട ഒരു കുറ്റകൃത്യമല്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍.
അച്ഛനും അമ്മയും മരിച്ച ലയ സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. ഒരു കടയില്‍ ജോലി ചെയ്തിരുന്നെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയതോടെ അത് നഷ്ടമായി. ഇതേകാരണത്താല്‍ മറ്റ് ജോലികളൊന്നും ലഭിച്ചതുമില്ല. ‘ആണും പെണ്ണും കെട്ടവന്‍ കൂടെ താമസിക്കേണ്ട’ എന്ന് പറഞ്ഞ് സഹോദരനും ഭാര്യയും വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പോകാന്‍ വേറെ ഇടമില്ലാത്തതിനാല്‍ അവിടെ തന്നെയാണ് കഴിച്ചു കൂട്ടുന്നത്. എന്നാല്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊടുക്കരുതെന്നാണ് ചേട്ടന്‍ പറഞ്ഞിരിക്കുന്നത്. അതിനാലാണ് താന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതെന്നും ലയ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്