വിഡ്ഢി, ഭസ്മാസുരൻ, വാടകഗുണ്ട… സിപിഐ സമ്മേളന റിപ്പോർട്ടിൽ എംഎം മണിക്കെതിരെ വിമർശനം
സിപിഐ സമ്മേളന റിപ്പോർട്ടിൽ വൈദ്യുത മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമർശനം. എംഎം മണിയുടെ വിവാദ പരാമർശങ്ങളും സിപിഐയോട് ഉള്ള എതിർപ്പുമാണ് വിമർശനത്തിന് കാരണമെന്നാണ് സൂചന. എംഎം മണിയുടെ നിലപാടുകൾ എൽഡിഎഫ് സർക്കാരിന്റെ നിലപാടിന് എതിരാണെന്നാണ് സിപിഐ സമ്മേളന റിപ്പോർട്ടിൽ ഉയർന്നു വന്ന ആക്ഷേപം.
“ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢി, ഭസ്മാസുരൻ, വാടകഗുണ്ട” എന്നിങ്ങനെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് മന്ത്രി മണിക്കെതിരെ സ്വന്തം മണ്ഡലത്തിലെ തന്നെ പ്രധാന ഘടകകക്ഷി അവരുടെ സമ്മേളന റിപ്പോർട്ടിൽ നടത്തിയിരിക്കുന്നത്. വണ്ടൻമേട്ടിൽ നടക്കുന്ന സിപിഐ ഉടുമ്പൻചോല മണ്ഡല സമ്മേളനത്തിന്രെ റിപ്പോർട്ടിലാണ് മണിക്കെതിരായ ആരോപണങ്ങൾ പ്രാദേശിക നേതൃത്വം ഉയർത്തിക്കാട്ടിയത്.
പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരായാണ് മണിയുടെ നിലപാടുകളെന്നും സാമാന്യ ചിന്തപോലുമില്ലാതെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മരം വെട്ടുകാരനെയാണ് മണി അനുസ്മരിപ്പിക്കുന്നതെന്നും റിപ്പോർട്ടിലെ 20-ാം പേജിൽ വ്യക്തമാക്കുന്നു. ‘മണ്ഡലംകാരനായ സാധരണ ജനനേതാവ് മന്ത്രിയായതിലുളള സന്തോഷം ഉടുമ്പൻചോല മണ്ഡലത്തിലെ യുഡിഎഫ് അനുഭാവികളിൽ പോലും നിറഞ്ഞു നിന്നിരുന്ന കാലം പോയി തുടങ്ങി.
മുണ്ടുമടക്കി കുത്തി, ബക്കറ്റ് പിരിവും, ന്യായന്യായം നോക്കാതെയുളള കസർത്തുകളും എംഎം മണിയെന്ന മന്ത്രിയെ സാധാരണക്കാരുടെ മനസ്സുകളിൽ പോലും വെറുപ്പുളവാക്കിത്തുടങ്ങിയിരിക്കുന്നു. സിപിഐയെ ഒന്നുകിൽ നക്കി അല്ലെങ്കിൽ ഞെക്കി തീർക്കുമെന്ന വാശി സിപിഐയുടെ വോട്ടുകൂടി വാങ്ങി ജയിച്ച ഒരു എൽഡിഎഫ് നേതാവിനും ഭൂഷണമല്ലെ’ന്നും സിപിഐ സമ്മേളന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഏറെക്കാലമായി നിലനിൽക്കുന്ന സിപിഎം, സിപിഐ തർക്കം ജില്ലയിൽ ഇപ്പോഴും താഴെ തട്ട് മുതൽ പരിഹരിക്കപ്പെടാതെ തുടരുകയാണെന്നതാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്