വിഎസ് ജില്ലാ സമ്മേളന വേലിക്ക് പുറത്തോ ..?
സിപിഎം സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മുന്നോടിയായുള്ള പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ 14 ജില്ലകളിലും സമ്മേളനം നടക്കുന്നുണ്ടെങ്കിലും ഒരിടത്തു പോലും വി.എസിന് സ്ഥാനമില്ല
വയനാട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങളിലൂടെയാണ് പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍, ഇവിടെ വിഎസിനെ ക്ഷണിക്കുകയോ അദ്ദേഹം പോകുകയോ ചെയ്തിട്ടില്ല. നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലോ ജന്മനാടായ ആലപ്പുഴ ജില്ലാ സമ്മേളനത്തിലോ പോലും വിഎസിനെ പങ്കെടുപ്പിച്ചില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലം മലമ്ബുഴയാണ്. ഈ മണ്ഡലം ഉള്‍ക്കൊള്ളുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിലും വിഎസിന് ക്ഷണമില്ല.
പാര്‍ട്ടിയിലെ ഏറ്റവും തലമുതിര്‍ന്ന നേതാവ്, മുന്‍മുഖ്യമന്ത്രി, പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം, ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങി പാര്‍ട്ടിയുടെ എല്ലാമായ വിഎസിനെ മനപ്പൂര്‍വമായി ഒഴിവാക്കിയതാണെന്നാണ് വിഎസ് പക്ഷം ആരോപിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അവര്‍. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ചുരുക്കം പേരില്‍ ഒരാളാണ് വിഎസ് അച്യുതാനന്ദന്‍. എന്നിട്ട് പോലും അദ്ദേഹത്തെ ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാത്തത് പാര്‍ട്ടിയിലെ പടലപിണക്കങ്ങളുടെ ഭാഗമായാണെന്നാണ് സൂചന.
കഴിഞ്ഞ തവണ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍നിന്ന് വിഎസ് ഇടയ്ക്ക് ഇറങ്ങി പോയിരുന്നു. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചതായി ഒരു പക്ഷം വിലയിരുത്തുന്നുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിഎസിനെ സമ്മേളനങ്ങളില്‍നിന്ന് വെട്ടിയതെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഒട്ടുമിക്ക സമ്മേളനങ്ങളിലും പങ്കെടുക്കുന്നുമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്