×

ലാവ്ലിനില്‍ ; സി.ബി.ഐ അപ്പീല്‍ നല്‍കേണ്ട കാലാവധി ഈ മാസം 21ന് തീരുകയാണ്.

തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സി.ബി.ഐയുടെ നടപടികളില്‍ കാലതാമസം. ചട്ടമനുസരിച്ച്‌ വിധിവന്ന് 90 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കണം. എന്നാല്‍, ഈ കാലാവധിക്കുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാനാവില്ലെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 23നാണ് പിണറായിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുണ്ടായത്. ചട്ടമനുസരിച്ച്‌ അപ്പീല്‍ നല്‍കേണ്ട കാലാവധി ഈ മാസം 21ന് തീരുകയാണ്. എന്നാല്‍ ഈ കാലപരിധിക്കുള്ളില്‍ അപ്പീല്‍ നല്‍കാനാവില്ലെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നുമാണ് സി.ബി.ഐ പറയുന്നത്. വൈകിയതിലുള്ള ക്ഷമാപണമടക്കം ചേര്‍ത്ത് പിന്നീട് സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് തീരുമാനം. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആയിരിക്കും അപ്പീല്‍ നല്‍കുക.
കേസില്‍ ഏഴാം പ്രതിയായിരുന്ന പിണറായിയെ കൂടാതെ ഒന്നാം പ്രതിയായ ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, എട്ടാം പ്രതി ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ കെ.ജി രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു. ഈ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐ നേരത്തേ വ്യക്തമാക്കിയിരുന്നു. പിണറായി വൈദ്യുതി മന്ത്രിയായിരുന്നകാലത്ത് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിന്‍ കമ്ബനിയായ എസ്.എന്‍.സി ലാവ്ലിനുമായി കരാറുണ്ടാക്കിയതില്‍ പൊതുഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പിണറായി ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളെ 2013ല്‍ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

വിധിക്കെതിരേ സി.ബി.ഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിണറായി സാമ്ബത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താന്‍ സി.ബി.ഐക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. കേസില്‍ പിണറായിയെ കുരുക്കാന്‍ സി.ബി.ഐ ശ്രമിച്ചെന്ന ഗുരുതരമായ പരാമര്‍ശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി. ഉബൈദില്‍ നിന്നുണ്ടായി.

വിധിക്കെതിരേ ശിവദാസനും കസ്തൂരിരംഗ അയ്യരും നേരത്തേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ അപ്പീല്‍ നല്‍കാതിരിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടയിലാണ് സി.ബി.ഐയുടെ അപ്പീല്‍ നടപടികള്‍ വൈകുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top