×

ധനാഢ്യന്റെ കാര്യമൊന്നും പറയണ്ട. അദ്ദേഹം വിദേശത്ത് പോയി പണമുണ്ടാക്കിയതാണ്. : പിണറായി വിജയന്‍.

https://www.youtube.com/watch?v=oYNbWrFjf-Y

 

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. പത്തരയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നാണ് എന്‍സിപി നേതാക്കള്‍ അറിയിച്ചത്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ല. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനാല്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് സിപിഐ മന്ത്രിമാരുടെ കത്ത് മന്ത്രിസഭാ യോഗത്തില്‍ ലഭിച്ചു.  എന്നാല്‍ മുന്നണി മര്യാദ പാലിച്ച് തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ല. സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണ്. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ളതാണ് മന്ത്രിസഭാ യോഗം. അതില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് ഹൈക്കോടതിയില്‍ പറഞ്ഞതും ഇപ്പോള്‍ സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നതും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും ഒരു തീരുമാനം പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്‌തെടുക്കാന്‍ എന്‍സിപി നേതൃത്വത്തെയും ചുമതലപ്പെടുത്തുകയാണ് കഴിഞ്ഞ എല്‍ഡിഎഫ് യോഗം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. അതോടെ കാര്യങ്ങളില്‍ വ്യക്തത വന്നു. ഇന്നലെ തോമസ് ചാണ്ടിയും പീതാംബരന്‍ മാസ്റ്ററും കൊച്ചിയിലായിരുന്നു. അതുകൊണ്ട് അവരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ ചര്‍ച്ച ചെയ്യാന്‍ ധാരണയായി. ഇന്ന് രാവിലെ പീതാംബരന്‍ മാസ്റ്ററും തോമസ് ചാണ്ടിയും എന്നെ വന്ന് കണ്ടു. ദേശീയ നേതൃത്വവുമായി ആലോചിക്കണം, അതിന് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒരു മുന്നണി സംവിധാനത്തില്‍ അത് പറ്റില്ലെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് സമയം അനുവദിച്ചു. എത്രയും വേഗം ചര്‍ച്ച നടത്തി തീരുമാനം അറിയിക്കണമെന്ന് അവരോട് പറഞ്ഞു. ദേശീയ നേതൃത്വവുമായി ടെലിഫോണില്‍ ബന്ധപ്പെടാനും ചര്‍ച്ച നടത്താനും 10.30ന് ശേഷം മാത്രമേ കഴിയൂ എന്ന് അവര്‍ പിന്നീട് അറിയിച്ചു. അതനുസരിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാന്‍ ഞാന്‍ പറയുകയും ചെയ്തു -മുഖ്യമന്ത്രി പറഞ്ഞു.

കോടതി ഉത്തരവ് ഉണ്ടായിട്ടും തോമസ് ചാണ്ടി രാജി വെക്കാത്തത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലേയെന്നും തോമസ് ചാണ്ടി ഒരു ധനാഢ്യനായത് കൊണ്ടാണ് രാജി വെപ്പിക്കാന്‍ കഴിയാത്തതെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നണി സംവിധാനത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ തീരുമാനം എടുക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ധനാഢ്യന്റെ കാര്യമൊന്നും പറയണ്ട. അദ്ദേഹം വിദേശത്ത് പോയി പണമുണ്ടാക്കിയതാണ്. അതിന് ഇതുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി പ്രശ്‌നത്തേക്കാള്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്ന് തെളിയിക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top