×

ഒന്നുറപ്പാണ്; രാഹുലിനെ ഇനിയാരും ‘പപ്പു’ എന്ന് വിളിക്കില്ല: അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പ് പ്രകടനത്തെ വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമര്‍ ചേകവരാകാന്‍ കഴിഞ്ഞില്ല, രാഹുല്‍ഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു. ഗുജറാത്തില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകള്‍ വര്‍ധിച്ചു, ബിജെപിയുടെ മുന്നേറ്റം ദുര്‍ബലമായി, നരേന്ദ്രമോദിയുടെ അജയ്യത സംശയാസ്പദമായി.

അവസാന ഘട്ടത്തില്‍ പൂഴിക്കടകന്‍ പയറ്റിയിട്ടാണ് നരേന്ദ്രമോദി അങ്കം ജയിച്ചത്. വികസനവും ഗര്‍വീ ഗുജറാത്തും ഉപേക്ഷിച്ച്‌ നീചജാതി, സര്‍ദാര്‍ പട്ടേല്‍, രാം മന്ദിര്‍, പാക്കിസ്ഥാന്‍, മിയാന്‍ അഹമ്മദ് പട്ടേല്‍ മുതലായ നമ്ബറുകള്‍ എടുത്തു വീശി. മെച്ചപ്പെട്ട സംഘടനാ സംവിധാനവും പണത്തിന്റെ ധാരാളിത്തവും അമിത് ഷായുടെ തന്ത്രങ്ങളും മോദിക്കു തുണയായി. മണ്ണിന്റെ മകന്‍ പ്രതിച്ഛായയും മാധ്യമ പിന്തുണയും ഉപകാരപ്പെട്ടു.

അഹമ്മദാബാദ് ആര്‍ച്ച്‌ ബിഷപ്പിന്റെ ഇടയലേഖനവും മണിശങ്കര്‍ അയ്യരുടെ വാമൊഴി വഴക്കവും ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ നില കുറച്ചു കൂടി മെച്ചമാകുമായിരുന്നു.

വരാന്‍ പോകുന്ന തൃശൂര്‍ പൂരത്തിന്റെ സാമ്ബിള്‍ വെടിക്കെട്ടാണ് ഗുജറാത്തില്‍ നടന്നത്. അടുത്ത വര്‍ഷമാദ്യം കര്‍ണാടകത്തിലും ത്രിപുരയിലും തെരഞ്ഞെടുപ്പുണ്ടാകും, കൊല്ലാവസാനം രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരുപക്ഷേ, അതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പും നടന്നേക്കും.

ഒരു കാര്യം ഉറപ്പാണ്: രാഹുല്‍ഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top