യുഡിഎഫ് നേതാക്കള്‍ക്കെതിരെ കൂട്ട നടപടി; പലരും ബലാല്‍സംഗ കേസിലും പ്രതികള്‍
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളത്തെ ഇളക്കിമറിച്ച സോളാര്‍ കേസ് അതിന്റെ നിര്‍ണായ ഘട്ടത്തിലെത്തിയിരിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആരോപണങ്ങളില്‍ മിക്കതും സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഇന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ടീം സോളാറിനെമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും വഴിവിട്ട് സഹായിച്ചതായാണ് ഉയര്‍ന്നുവന്നിരുന്ന പ്രധാന ആരോപണം. കൂടാതെ, ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിയെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് കൂട്ടുനിന്നതായും ആരോപണമുയര്‍ന്നിരുന്നു. ടീം സോളാറിന്റെ തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നതായി ആര്യാടന്‍ മുഹമ്മദിനെതിരെയും ആരോപണമുണ്ടായിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും വിജിലന്‍സ് അന്വേഷണം നടത്താനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനായി അന്വേഷണ സംഘത്തെ സ്വാധീനിക്കുകയും അന്വേഷണത്തില്‍ ഇടപെടുകയുംചെയ്തതിന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ നടപടിപ്രകാരമാണ് കേസെടുക്കുക. ഊര്‍ജ്ജ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരെയും അന്വഷണം നടത്തും. സോളാര്‍ കേസിനെ ഏറ്റവും കൂടുതല്‍ സങ്കീര്‍ണമാക്കിയത് ടീം സോളാറിന്റെ ഉടമകളിലൊരാളായിരുന്ന സരിത എസ് നായര്‍ ഉയര്‍ത്തിയ ലൈംഗികാരോപണങ്ങളായിരുന്നു. മന്ത്രിസഭയിലുള്ള നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി സരിത ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു. മുന്‍ മന്ത്രി എ. പി അനില്‍കുമാര്‍, ജോസ് കെ. മാണി, അടൂര്‍ പ്രകാശ്, പളനിമാണിക്യം, മുന്‍ കെപിസിസി സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തിലുണ്ടായിരുന്നു. ഇവര്‍ക്കെതിരെയെല്ലാം അന്വേഷണം നടത്താന്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ടീം സോളാറിന് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍ പെടുമെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരവും ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്