ജര്മനിയില് മാസങ്ങള് കഴിഞ്ഞും എങ്ങുമെത്താതെ സര്‍ക്കാര്‍ രൂപവത്കരണം;ജര്‍മനി വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
ബര്ലിന്: ജര്മനിയില് മാസങ്ങള് കഴിഞ്ഞും എങ്ങുമെത്താതെ സര്‍ക്കാര്‍ രൂപവത്കരണം. മുന്നണിയുണ്ടാക്കാനുള്ള ചര്ച്ചകളില്നിന്ന് ഫ്രീ ഡെമോക്രാറ്റുകളും പിന്വാങ്ങിയതോടെയാണ് ചാന്സലര് അംഗല മെര്‍കല്‍ കനത്ത പ്രതിസന്ധിക്കു നടുവിലായത്. നീണ്ട 12 വര്ഷം രാജ്യം ഭരിക്കുകയും യൂറോപ്പിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ആദരിക്കപ്പെടുകയും ചെയ്യുന്ന മെര്‍കലിന് ഇതോടെ സര്‍ക്കാര്‍ രൂപവത്കരണം അഗ്നിപരീക്ഷയായി. ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാകുമെന്നും ഇന്ന് രാവിലെ കരാര്‍ നിലവില്‍വരുമെന്നും കരുതപ്പെട്ടിരുന്നിടത്താണ് ഇന്നലെ വൈകുന്നേരം ഫ്രീ ഡെമോക്രാറ്റുകളുടെ അധ്യക്ഷന്‍ ക്രിസ്ത്യന്‍ ലിന്ഡനര്‍ നാടകീയമായി പിന്‍മാറ്റം പ്രഖ്യാപിച്ചത്. “തെറ്റായ സംവിധാനങ്ങളുടെ പിന്തുടര്‍ച്ച മുന്നോട്ടുവെക്കുന്ന ഈ സംവിധാനത്തില്‍ പങ്കെടുക്കാന്‍ ഫ്രീ ഡെമോക്രാറ്റുകള്‍ തയാറല്ല” എന്നായിരുന്നു അദ്ദേഹത്തിെന്റ പ്രതികരണം. ചര്‍ച്ച വഴിമുട്ടിയതോടെ ജര്‍മന്‍ പ്രസിഡന്‍റ് ജര്‍മന്‍ പ്രസിഡന്റ് വാള്‍ട്ടര്‍ സ്റ്റയിന്‍മയറെ മെര്‍കല്‍ കണ്ടിരുന്നു.
നാലാമൂഴത്തിന് ജനവിധി വന്ന് മാസങ്ങളായിട്ടും സര്‍ക്കാര്‍ രൂപവത്കരണം കീറാമുട്ടിയായി തുടരുന്ന മെര്‍കലിന് മുമ്ബില്‍ ഒരു മാര്‍ഗമേ അവശേഷിക്കുന്നുള്ളൂ. മുന്‍ സര്‍ക്കാരിന്റെ മട്ടില്‍ പ്രധാന പ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്നുള്ള മഹാസഖ്യം തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുക അതല്ലങ്കില്‍ വീണ്ടും ഒരു തെരെഞ്ഞെടുപ്പ് നേരിടുക. സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പ്രതിനിധിയായ പ്രസിഡന്റ് വാള്‍ട്ടര്‍ സ്റ്റയിന്‍ മയര്‍ കൈക്കൊള്ളുന്ന തീരുമാനം അനുസരിച്ചാകും ഇനി ജര്‍മന്‍ സര്‍ക്കാരിന്റെ ഭാവി.
സെപ്റ്റംബറില് ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില് കുറഞ്ഞ ഭൂരിപക്ഷവുമായാണ് മെര്കലിെന്റ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്, ബവേറിയന് മേഖലയില് സ്വാധീനമുള്ള ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന് എന്നിവയടങ്ങുന്ന സഖ്യം കടന്നുകൂടിയത്. ഗ്രീന്സ് കക്ഷി പിന്തുണ നല്കിയെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പാക്കാനായിട്ടില്ല. കൂടുതല് കക്ഷികളുമായി ചേര്ന്ന് മന്ത്രിസഭ രൂപവത്കരിക്കാന് മാസങ്ങളായി തുടരുന്ന ചര്ച്ചകളും വിജയംകണ്ടിട്ടില്ല. നികുതി, അഭയാര്ഥിപ്രശ്നം, പരിസ്ഥിതി നയം തുടങ്ങിയവയാണ് പാര്ട്ടികള്ക്കിടയില് കീറാമുട്ടിയായി തുടരുന്ന വിഷയങ്ങള്.
ഭൂരിപക്ഷമുറപ്പാക്കാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലക്ക് സര്ക്കാറുണ്ടാക്കാന് മെര്കലിനാകുമെങ്കിലും കൂടുതല് കാലം മുന്നോട്ടുപോകാനാകില്ലെന്ന ആശങ്ക നിലനില്ക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാന് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല് മെര്‍കലിന് അടിതെറ്റുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്