ഐഎസില്‍ ചേര്‍ന്ന 20 പേര്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് എന്‍ഐഎ
കണ്ണൂര്‍: ബഹ്റയ്ന്‍ വഴി സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തി പരിശീലനം ലഭിച്ച മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ നാട്ടിലേക്ക് തിരിച്ചെത്തിയതായി സൂചന ലഭിച്ചെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇതില്‍ 12 പേര്‍ മലയാളികളാണെന്നാണ് വിവരം. വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് തുര്‍ക്കിയില്‍നിന്നാണ് ഇവരില്‍ പലരും രാജ്യത്തേക്കു മടങ്ങിയത്. വിദേശ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ഇന്ത്യക്ക് കൈമാറിയത്. 12 മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പോലിസിന് കൈമാറിയിട്ടുണ്ട്. ഇതില്‍ 11 പേര്‍ കണ്ണൂര്‍, കാസര്‍കോട് സ്വദേശികളും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. ബഹ്റയ്നിലെ അല്‍ അന്‍സാര്‍ സെന്ററില്‍ ഐഎസ് അനുകൂലികളായ മലയാളികളാണ് പ്രത്യേക സംഘമായി യോഗം ചേര്‍ന്നത്. ഇതിനെയാണ് ബഹ്റയ്ന്‍ ഗ്രൂപ്പ് എന്ന് പോലിസ് പേരിട്ടിരിക്കുന്നത്. ഐഎസ് പ്രചാരണത്തിനായി ബഹ്റയ്നില്‍ രൂപീകരിച്ച ഗ്രൂപ്പില്‍ എട്ടു മലയാളികളുണ്ടെന്ന് നേരത്തെ പോലിസ് സ്ഥിരീകരിച്ചിരുന്നു. ഇതുപ്രകാരം വാണിയമ്ബലം സ്വദേശി മനയില്‍ അഷ്റഫ് മൗലവി, പെരുമ്ബാവൂരിലെ സഫീര്‍, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, താമരശ്ശേരി സ്വദേശി ഷൈബു നിഹാര്‍, വടകര സ്വദേശി മന്‍സൂര്‍, കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്, കൊയിലാണ്ടി ഫാജിദ്, വാണിയമ്ബലം സ്വദേശി മുഹദ്ദിസ് എന്നിവര്‍ക്കെതിരേ യുഎപിഎ പ്രകാരം വണ്ടൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ കണ്ണൂരില്‍ അറസ്റ്റിലായ ബിരിയാണി ഹംസയെന്ന യു കെ ഹംസയാണ് ഇവരെ റിക്രൂട്ട് ചെയ്തതെന്നാണ് പോലിസ് ഭാഷ്യം.
97 ഇന്ത്യക്കാരാണ് ബഹ്റയ്ന്‍ ഗ്രൂപ്പ് വഴി ഐഎസില്‍ ചേര്‍ന്നത്. ഇവരില്‍ 67 പേര്‍ സിറിയയിലെ യുദ്ധമേഖലയില്‍ എത്തുകയും 15 പേര്‍ കൊല്ലപ്പെടുകയും ചെയ്തായി പോലിസ് പറയുന്നു. കണ്ണൂര്‍ സ്വദേശികളായ വള്ളുവക്കണ്ടി ഷാജഹാന്‍, കെ സി മിദ്ലാജ്, എം വി റാഷിദ്, കെ വി അബ്ദുര്‍റസാഖ് എന്നിവരെ സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെ തുര്‍ക്കി അതിര്‍ത്തിയില്‍ പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ഇവരെല്ലാം അറസ്റ്റിലായിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്