ഇസ്ളാമിക പണ്ഡിതന്റെ വിവാദ ഉപദേശം ; റെഡ്ക്രോസ് മറ്റൊരു വിശ്വാസ ചിഹ്നം ;
കോഴിക്കോട്: വനിതാരോഗികളുടെ ശരീരത്ത് പരിശോധനയ്ക്ക് ഇടയില്‍ തൊടരുതെന്നും കണ്‍സള്‍ട്ടിംഗ് റൂമില്‍ ആണിനെയും പെണ്ണിനെയും ഒരുമിച്ച് ഇടപഴകാന്‍ അനുവദിക്കരുതെന്നും ഇസ്ളാമിക ഡോക്ടര്‍മാരെ ഉപദേശിച്ചുള്ള മുസ്ളീം മതപണ്ഡിതന്റെ ഉപദേശം വിവാദമാകുന്നു. ഇതിനൊപ്പം റെഡ്ക്രോസിന്റെ ചിഹ്നം ഒരിടത്തും ഉപയോഗിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. സലാഫി പ്രബോധകന്‍ അബ്ദുള്‍ മുഹ്സീന്‍ അയ്ദീദ് ഫേസ്ബുക്കിലൂടെയാണ് ഈ ഉപദേശം നല്‍കിയിരിക്കുന്നത്.
റെഡ്ക്രോസിനും സ്ത്രീകളായ രോഗികളെ തൊടുന്നതും പിടിക്കുന്നതിനും പുറമേ വൈദ്യശാസ്ത്രത്തിന്റെ ദേവനായി ഗ്രീക്ക് മിത്തോളജിയില്‍ പറയുന്ന അസ്ക്ളപ്പിയസിന്റെ അധികാര ചിഹ്നമായ സര്‍പ്പം ചുറ്റിയ ദണ്ഡിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും ഇസ്ളാമിക ഏകദൈവ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നാണ് നിലപാട്. വ്യാപകമായി വീടുകള്‍, വാഹനങ്ങള്‍, കണ്‍സള്‍ട്ടിംഗ് റൂമുകള്‍, ചികിത്സാ നിര്‍ദേശ പാഡുകള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി കാണപ്പെടാറുള്ള റെഡ്ക്രോസ് ക്രൈസ്തവ വിശ്വാസികളുടെ കുരിശിനോട് സാമ്യമുള്ളതാണ്.
കുരിശ് ഏറ്റവും മോശപ്പെട്ട ബഹുദൈവ വിശ്വാസങ്ങളുടെ രൂപമാകയാല്‍ അത് ഇസ്ളാമികതയില്‍ കൊടും പാപമാണ്. അതുപോലെ തന്നെ ഗ്രീക്കോ-റോമന്‍ വിശ്വാസപ്രകാരമുള്ള അസ്ക്ളെപ്പിയസിന്റെ അധികാര ചിഹ്നവും ഇസ്ളാമികതയ്ക്കും ഖുറാന്‍വചനങ്ങള്‍ക്കും എതിരാണെന്നമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ‘ ഇസ്ളാമിക ഡോക്ടര്‍മാര്‍ക്കുള്ള ഉപദേശം’ എന്ന തലക്കെട്ടില്‍ അലസ്വാലാ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം സ്ത്രീരോഗികളെ തൊടരുതെന്നും മുറിയില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് നിര്‍ത്തരുതെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരം ചിഹ്നങ്ങളും പെരുമാറ്റങ്ങളും പിന്തുടരുന്നത് ഇസ്ളാമിക വിശ്വാസങ്ങളിലേക്ക് അറിയാതെ മറ്റ് മതവിശ്വാസങ്ങള്‍ കടന്നുവരാന്‍ ഇടയാകുകയും അത് ഇസ്ളാമിക വിശ്വാസത്തില്‍ നിന്നും വിശ്വാസികളെ അകറ്റുന്നതിന് കാരണമായി മാറുകയും ചെയ്യും.
ഒരു മുസ്ളീം ഡോക്ടര്‍ പാപങ്ങളില്‍ നിന്നും ഇസ്ളാമികതയ്ക്ക് എതിരായ തത്വങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും പറയുന്നു. രോഗികളാകുന്ന മുസ്ളീം സ്ത്രീകള്‍ മുസ്ളീം സ്ത്രീകളായ ഡോക്ടര്‍മാരെ കിട്ടിയില്ലെങ്കില്‍ മുസ്ളീം പുരുഷഡോക്ടര്‍മാരെ മാത്രമേ കാണാവു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ ഇസ്ളാമിക ഡോക്ടര്‍ വനിതാരോഗികളെ സ്പര്‍ശിക്കാവൂ. ഒഴിവാക്കാന്‍ പറ്റിയില്ലെങ്കില്‍ അത് കൃത്യമായും കയ്യുറയും മറ്റും ധരിച്ചായിരിക്കണം. ഇസ്ളാമിക രോഗിണികള്‍ പരിശോധന ആവശ്യമില്ലെങ്കില്‍ ശരീരം മുഴുവന്‍ മറച്ചേ ഡോക്ടര്‍ക്ക് അടുത്തു ചെല്ലാവൂ. ഡോക്ടര്‍മാര്‍ ആണെങ്കില്‍ പോലും അപരിചിതനായ പുരുഷന്റെ അരികിലേക്ക് ഒരു സ്ത്രീ തനിച്ച് ചെല്ലുന്നത് ഏതു സാഹചര്യത്തിലായാലും ഇസ്ളാമിക നിയമങ്ങള്‍ അനുവദിക്കുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ ഭര്‍ത്താവിന്റെയോ രക്ഷകര്‍ത്താവിന്റെയോ സാന്നിദ്ധ്യത്തില്‍ മാത്രമായിരിക്കണം.
പരിശോധന നടത്തുമ്ബോള്‍ കുടുംബത്തിലെ ആരെങ്കിലും കൂട്ടത്തില്‍ ഉണ്ടാകാത്ത സാഹചര്യമാണെങ്കില്‍ മുറിയുടെ വാതില്‍ തുറന്നിട്ടേ പുരുഷഡോക്ടറെക്കൊണ്ടു പരിശോധന നടത്തിക്കാവൂ. അതുപോലെ തന്നെ പ്ളാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ ശരീരത്തില്‍ നടത്തുന്ന സൗന്ദര്യവര്‍ദ്ധന ശസ്ത്രക്രിയകളെല്ലാം തന്നെ ഇസ്ളാമികതയ്ക്ക് വിരുദ്ധമാണ്.
അള്ളാഹുവിന്റെ സൃഷ്ടിക്ക് വിരുദ്ധമായി മാറുന്ന കണ്ണും മൂക്കും ചുണ്ടുമെല്ലാം മുറിച്ച് മുഖം മിനുക്കുന്നതും ഇസ്ളാമികതയില്‍ വിരുദ്ധമാണ്. അതേസമയം ഇസ്ളാമിക പ്രമാണങ്ങള്‍ പശ്ചാത്തലമാക്കിയുള്ള വിവാദ പരാമര്‍ശങ്ങള്‍ മുമ്ബും നടത്തിയിട്ടുള്ളയാളാണ് അയ്ദീദ്. നേരത്തേ കുട്ടികളെ പൊതുവിദ്യാലയത്തില്‍ വിടുന്നതും ദേശീയത എന്ന ആശയവും ഇസ്ളാമികതയ്ക്ക് വിരുദ്ധമാണെന്ന് പറഞ്ഞിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്