×

തിരഞ്ഞെടുപ്പ് അയോദ്ധ്യയ്ക്ക് ശേഷം ജനുവരിയില്‍ ; 12 സംസ്ഥാനത്തും ഒപ്പം നടത്തിയേക്കും ; റാം നാഥ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാനായി കേന്ദ്രസര്‍ക്കാര്‍ പുതിയ സമിതിക്ക് രൂപം നല്‍കി.

ഈമാസം 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഒരു രാജ്യം , ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിയമനിര്‍മാണം നടത്തിയേക്കുമെന്ന് അഭ്യൂഹത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആയിരിക്കും സമിതിയുടെ അദ്ധ്യക്ഷൻ എന്നാണ് റിപ്പോര്‍ട്ട്. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമിതിയില്‍ ഉണ്ടാവും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തി കാര്യങ്ങള്‍ അനുകൂലമാക്കാനാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം പകുതിയോടെ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പ് ജനുവരിയിലാക്കുക, ഇക്കൊല്ലവും അടുത്ത കൊല്ലവുമായി നടക്കേണ്ട 12 നിയമസഭാ തിരഞ്ഞെടുപ്പുകളും ഒപ്പം നടത്തി പരമാവധി നേട്ടം കൊയ്യുക എന്നതാണ് എൻ.ഡി.എ അജൻഡ എന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരിയിലാണ്. ഇതിനൊപ്പം തിരഞ്ഞെടുപ്പ് വന്നാല്‍ ഹിന്ദുവോട്ടിന്റെ ഏകീകരണമുണ്ടാകും എന്നും വിലയിരുത്തുന്നുണ്ട്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ഉയര്‍ത്തുന്ന മുദ്രാവാക്യമാണ്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തിയാല്‍ ചെലവ് കുറയ്ക്കാമെന്നാണ് ന്യായീകരണം. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സാദ്ധ്യതകള്‍ തിരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് പാനല്‍ നേരത്തെ പരിശോധിച്ചിരുന്നു.

ഡിസംബറിലോ ജനുവരിയിലോ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് പ്രതിപക്ഷ നേതാക്കളും കരുതുന്നു. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ യോഗം മുംബയില്‍ ആരംഭിച്ച ദിവസം തന്നെയാണ് ബില്ലിനെ കുറിച്ചുള്ള സൂചനകള്‍ വന്നതും.

ഇന്ത്യ മുന്നണി ശക്തമാകാൻ സമയം നല്‍കാതിരിക്കുക, ചന്ദ്രയാൻ, ആദിത്യ വിക്ഷേപണം, ജി 20 ഉച്ചകോടി തുടങ്ങിയ വിഷയങ്ങള്‍ വോട്ടാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളും പ്രത്യേക സമ്മേളനം തിടുക്കത്തില്‍ വിളിച്ചതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.

തിരഞ്ഞെടുപ്പ് നടക്കേണ്ടത്

1. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കണം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത മേയ്‌മാസത്തിനുള്ളിലും നടക്കണം

2. അടുത്ത വര്‍ഷം ആന്ധ്ര, അരുണാചല്‍പ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ജമ്മു കാശ്‌മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പുണ്ടാകാം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top