×

പച്ച ഷാള്‍ പുതച്ച്‌, കര്‍ഷക നാമത്തില്‍ സത്യപ്രതിജ്ഞ; കര്‍ഷകന്റെ 56000 കോടി എഴുതി തള്ളും- മുഖ്യമന്ത്രി യെദ്യൂരപ്പ

ബംഗളുരു: മെയ് 12 ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ പറഞ്ഞു ഞാന്‍ മുഖ്യമന്ത്രിയാകും, മെയ് 17 ന് സത്യപ്രതിജ്ഞ ചെയ്യും. ആരും അത് ഗൗരവമായെടുത്തില്ല. തൊട്ടടുത്ത ദിവസവും യെദ്യൂരപ്പ തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു.

ഇത്തവണ ആത്മവിശ്വാസം ശരിക്കും വര്‍ധിച്ച വിധത്തിലായിരുന്നു വാക്കുകള്‍. “തെരഞ്ഞെടുപ്പ് ഫലം വരുന്ന 15 ന് ഞാന്‍ ദില്ലിക്ക് പോകും. സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി മോദിയെയും മറ്റ് നേതാക്കളെയും ക്ഷണിക്കും. 17 ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും”. ആത്മവിശ്വാസം നിറഞ്ഞ ഈ വാക്കുകള്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി. തലേന്ന് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ കൂടി വെൡച്ചത്തിലായിരുന്നു ഈ വാക്കുകള്‍.

കോണ്‍ഗ്രസ് ഇതിനെ പുച്ഛിച്ച്‌ തള്ളുകയാണ് ഉണ്ടായത്. തങ്ങള്‍ തന്നെ അധികാരത്തിലെത്തുമെന്ന് സിദ്ധരാമയ്യ ആവര്‍ത്തിച്ചു. എന്നാല്‍ മെയ് 15 ന് ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് യെദ്യൂരപ്പയ്ക്ക് അനുകൂലമായാണ് ഭവിച്ചത്. കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അപ്പൊഴും സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ ആവര്‍ത്തിച്ചു. എങ്ങനെ എന്ന് പലരും പുരികം ചുളിച്ചു. അതിനുള്ള മറുപടിയാണ് ഇന്ന് സത്യപ്രതിജ്ഞയിലൂടെ യെദ്യൂരപ്പ നല്‍കിയത്.

ഗവര്‍ണര്‍ ബിജെപിയുടെ ഇച്ഛയ്‌ക്കൊപ്പം നിന്നപ്പോള്‍ യെദ്യൂരപ്പയുടെ ആഗ്രഹം സഫലമായി. അങ്ങനെ ആ വാക്ക് പാലിക്കാന്‍ യെദ്യൂരപ്പയ്ക്ക് അവസരം കിട്ടി. ഇനി ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയവും ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്. അതിനിടയ്ക്ക് എതിര്‍പാളയത്തിലെ എംഎല്‍എമാരില്‍ കുറച്ച്‌ പേരെ ചാക്കിട്ട് പിടിച്ചാല്‍ അഞ്ച് വര്‍ഷവും സുഖമായി ഭരിക്കാം.

മുഖ്യമന്ത്രി യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല. സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കുകയാണ്. ഇത് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി മാത്രം സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി യെദ്യൂരപ്പ നിര്‍ണായകമായ തീരുമാനവും കൈക്കൊണ്ടു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നതാണത്. 56,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞടുപ്പ് പ്രകടനപത്രികയിലെ മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കാര്‍ഷികകടം എഴുതിത്തള്ളും എന്നത്. കര്‍ഷകരോടുള്ള തന്റെയും പാര്‍ട്ടിയുടെയും പ്രതിബദ്ധത അധികാരമേറ്റ ആദ്യദിനം തന്നെ പ്രകടമാക്കാന്‍ യെദ്യൂരപ്പ ശ്രമിച്ചിട്ടുണ്ട്. കര്‍ഷകനാമത്തിലായിരുന്നു യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത് തന്നെ. മാത്രവുമല്ല, പച്ച ഷാള്‍ പുതച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് എത്തിയതും. ഇതും കര്‍ഷകരോടുള്ള തന്റെ അനുഭാവം പ്രകടിപ്പിക്കാനായിരുന്നു എന്നാണ് വിലയിരുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top