എനിക്കിപ്പോള്‍ ലോകം കാണാം, ഇതെന്റെ രണ്ടാം ജന്മം; കേരളത്തിന് നന്ദി പറഞ്ഞ് യമന്‍ സ്വദേശി
കൊച്ചി: ബോംബ് പൊട്ടിതെറിച്ച് ഇരുകണ്ണുകളുടെയും കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട യമന്‍ സ്വദേശി ഇസ്ലാം ഹുസൈന് ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടി. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇടതുകണ്ണിന്റെ കാഴ്ചയാണ് ഇസ്ലാമിന് ലഭിച്ചത്.
മദ്ധ്യയമനിലെ ടൈസിസിനു സമീപം താമസിക്കുന്ന ഇസ്ലാം ഹുസൈന്‍ പതിനൊന്നാം ക്ലസില്‍ പഠിക്കുമ്ബോള്‍ കൂട്ടുകാരനുമൊത്ത് വീടിനടുത്തുള്ള കടയില്‍ പോകും വഴിയാണ് പരിക്കേല്‍ക്കുന്നത്. നടന്നുപോകുന്നവഴിയില്‍ കിടന്ന ഒരു വസ്തു കണ്ണില്‍പെട്ടപ്പോള്‍ കൗതുകത്തോടെ അതെന്തെന്നറിയാന്‍ കൈയിലെടുത്തതാണ്. പിന്നീട് ലോകത്തിലെ മറ്റെല്ലാ കൗതുകകാഴ്ചകളും ഇസ്ലാമിന് നഷ്ടമാകുകയായിരുന്നു.
കുഴിബോംബാണെന്നറിയാതെ ഇസ്ലാം കൈയ്യിലെടുത്ത ബോംബ് അവന്റെ കൈകളിലിരുന്ന് പൊട്ടിതെറിച്ചു. ഇരു കൈകളും കണ്ണുകളും നഷ്ടമായ ഇസ്ലാമിന് കാലിനും സാരമായ പരിക്കുകള്‍ സംഭവിച്ചു. യമനിലെ ആശുപത്രിയില്‍ മകനെ എത്തിച്ചപ്പോള്‍ കാലുകള്‍ മുറിച്ചുമാറ്റണമെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. പിന്നീട് ഇസ്ലാമിനെ ഈജിപ്തിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടുത്തെ ചികിത്സയില്‍ കാലുകള്‍ രക്ഷിച്ചെടുക്കാനായെങ്കിലും കൈകള്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്നു. അപ്പോഴും ഇസ്ലാമിന്റെ കാഴ്ച ഇരുട്ടായിരുന്നു.
സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കണ്ണുകളുടെ ചികിത്സ കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചത്. സാധിക്കാവുന്നിടങ്ങളിലെല്ലാം മകനുമായി പോയ ഇസ്ലാമിന്റെ മാതാപിതാക്കള്‍ ഒരു പരീക്ഷണമെന്നോണമാണ് കേരളത്തിലേക്കെത്തിയത്. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയ്ക്കായി എത്തിയപ്പോള്‍ ഇസ്ലാമിന്റെ വലതുകണ്ണ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും ഇടതുകണ്ണ് ശസ്ത്രക്രിയയ്ക്ക് വിദ്ധേയമാക്കാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നടത്തിയ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റിലൂടെ ഇടതുകണ്ണിന്റെ കാഴ്ച 90ശതമാനവും തിരിച്ചുകിട്ടി.
എനിക്കിപ്പോള്‍ ലോകം കാണാന്‍ സാധിക്കുന്നുണ്ടെന്നും ഇതെന്റെ രണ്ടാം ജന്മമാണെന്നുമായിരുന്നു ശസ്ത്രക്രിയയ്ക്ക് ശേഷം ഇസ്ലാം പറഞ്ഞത്. ‘അമൃത ആശുപത്രിയിലേ ഡോക്ടര്‍മാരോടും ദൈവത്തിനും ഞാന്‍ നന്ദി പറയുന്നു. മൂന്നുവര്‍ഷത്തിനിടയില്‍ നാട്ടില്‍ 500600 ആളുകള്‍ക്കു വീതം കൈകാലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയതു ഭാഗ്യം’, ഇസ്ലാം പറഞ്ഞു. മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനും അവന്റെ ആഗ്രഹം പോലെ ഡോക്ടറായി തീരുന്നതും കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇസ്ലാമിന്റെ മാതാപിതാക്കള്‍ പറഞ്ഞു. കൈപ്പത്തിമാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയക്കു വേണ്ടി കൈകള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ് ഇസ്ലാമും കുടുംബവും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്