×

മൂന്നാം തവണയും കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദ്യൂരപ്പ ; കഥ ഇങ്ങനെ

ബംഗളുരു: 1996 ല്‍ വാജ്പേയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിന് ശേഷം രാജിവെച്ചത് ചരിത്രം. പാര്‍ട്ടിയുടെ ആ ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ബിജെപിയിലെ വിവാദ തോഴന്‍ ബിഎസ് യെദ്യൂരപ്പയിലൂടെ. ദിവസങ്ങള്‍ നീണ്ട കുതിരക്കച്ചവടത്തിനും,രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ദക്ഷിണേന്ത്യയില്‍ അധികാരത്തിലെത്താമെന്ന ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് കര്‍ണാടകയിലെ വിശ്വാസവോട്ടെടുപ്പ്.

തുടക്കം മുതല്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട യെദ്യൂരപ്പ എന്ന നേതാവിനെയല്ല കര്‍ണാടക നിയമസഭയില്‍ രാജ്യം ഇന്ന് കണ്ടത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ രണ്ട് ദിവസത്തെ മുഖ്യമന്ത്രി പദവി ഉപേക്ഷിച്ച്‌ കണ്ണീരൊഴുക്കിയ യെദ്യൂരപ്പ എന്ന നേതാവിനെയായിരുന്നു. വൈകാരികമായ പ്രസംഗം നടത്തി യെദ്യൂരപ്പ ഇന്ന് രാജി പ്രഖ്യാപിച്ചപ്പോള്‍ ആവര്‍ത്തിച്ചത് കര്‍ണാടകയില്‍ ബിജെപിയ്ക്ക് നേരിടേണ്ടിവന്ന മുന്‍ കാല ചരിത്രം തന്നെയായിരുന്നു. മൂന്നാം അങ്കത്തിന് തയ്യാറായപ്പോഴും തന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ യെദ്യൂരപ്പയ്ക്ക് സാധിച്ചില്ല എന്നതും ഇനി ചരിത്രത്തിന്റെ ഭാഗം.

1988ല്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി യെദ്യൂരപ്പയെ തെരഞ്ഞെടുക്കുമ്ബോള്‍ പാര്‍ട്ടിയ്ക്ക് കര്‍ണാടകയില്‍ കാര്യമായ ശക്തിയില്ലാതിരുന്നു. 2004ല്‍ ധരംസിംഗ് മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ കര്‍ണാടകയുടെ പ്രതിപക്ഷ നേതാവായിരുന്നു യെദ്യൂരപ്പ. തുടര്‍ന്ന് ജെഡിഎസിനെ ചാക്കിലാക്കിയ ബിജെപി രണ്ട് വര്‍ഷത്തിന് ശേഷം ആ സര്‍ക്കാരിനെ താഴെയിറക്കി. അന്ന് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച ജെഡിഎസ് ബിജെപിയുമായി കൈകോര്‍ത്ത് കുമാരസ്വാമി മുഖ്യമന്ത്രിയായി. ആദ്യത്തെ 20 മാസം കുമാരസ്വാമിയും പിന്നീടുള്ള 20 മാസം യെദ്യൂരപ്പയും മാറിമാറി മുഖ്യമന്ത്രിയാകാമെന്നായിരുന്നു ധാരണ.

ഇതിനെ തുടര്‍ന്ന് 2007 നവംബറില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സ്ഥാനമേറ്റു. എന്നാല്‍ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ജെഡിഎസ് ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ ദിവസങ്ങള്‍ക്കുള്ളില്‍ യെദ്യൂരപ്പ സര്‍ക്കാരിന് രാജിവെയ്‌ക്കേണ്ടിവരുകയായിരുന്നു.

പിന്നീട് 2008 ല്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാനും കര്‍ണാടക മുഖ്യമന്ത്രിയായി തിരിച്ചെത്താനും യെദ്യൂരപ്പയ്ക്ക് സാധിച്ചു. മുന്‍ മുഖ്യമന്ത്രിയായ എസ് ബംഗാരപ്പയെ 45,000 വോട്ടുകള്‍ക്കാണ് അന്ന് യെദ്യൂരപ്പ പരാജയപ്പെടുത്തിയത്. എന്നാല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് 2011 ല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

കര്‍ണാടക ജനതാപക്ഷ എന്ന പാര്‍ട്ടി രൂപീകരിച്ച്‌ പിന്നീട് ബിജെപിയില്‍ നിന്നും അദ്ദേഹം പടിയിറങ്ങി. ബിജെപി നേതൃത്വത്തിനെതിരെ അന്ന് ഗുരുതര ആരോപണം നടത്തിയ യെദ്യൂരപ്പ പിന്നീട് 2013 ലാണ് തിരിച്ച്‌ പാര്‍ട്ടിയിലേയ്‌ക്കെത്തുന്നത്. യെദ്യൂരപ്പയുടെ പടിയിറക്കം ബിജെപിയ്ക്ക് സംസ്ഥാനത്ത് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ബിജെപിയിലേയ്ക്കുളള മടങ്ങിവരവ് യെദ്യൂരപ്പയെ സംബന്ധിച്ച്‌ രാജകീയമെന്ന് വിലയിരുത്തുമ്ബോഴും ജനിച്ച കുഞ്ഞ് ചാപിള്ളയായി പോയെന്ന് പറയേണ്ടിവരും.

ദക്ഷിണേന്ത്യയില്‍ ആദ്യമായി കാവിക്കൊടി പാറിക്കാന്‍ ബിജെപിയെ സഹായിച്ച യെദ്യൂരപ്പ തന്നെ ഭൂരിപക്ഷം തെളിയിക്കാനാകാതെ ഇന്ന് പടിയിറങ്ങുകയാണ്. കര്‍ണാടകയില്‍ ശക്തി കുറഞ്ഞ ബിജെപിയെ പഴയ പ്രതാപത്തിലേയ്ക്ക് നയിച്ച യെദ്യൂരപ്പ എന്ന നേതാവിന്റെ വികാരഭരിതമായ വിടവാങ്ങല്‍ പ്രസംഗമാണ് ഇന്ന് കണ്ടത്. രണ്ട് ദിവസം മാത്രം നീണ്ടു നിന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ പടിയിറക്കത്തിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരമുറപ്പിക്കാമെന്ന ബിജെപിയുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍കൂടിയാണ് തിരിച്ചടിയായിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top