വോട്ടര്‍ പട്ടിക – ഡിവിഷന് ബഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ – തടസ ഹര്‍ജിയുമായി മുസ്ലീം ലീഗ്
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക വിഷയത്തില്‍ മുസ് ലിം ലീഗ് സുപ്രീംകോടതിയില്‍ തടസഹരജി നല്കി. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗ് തടസഹരജി നല്‍കിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്ബ് തങ്ങളുെട ഭാഗം കൂട്ടി കേള്‍ക്കണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ വേണമെന്ന് കഴിഞ്ഞ 13ാം തീയതിയാണ് ഹൈകോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക കരടായി ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന് തീരുമാനം കോടതി റദ്ദാക്കിയിരുന്നു. കമീഷന് തീരുമാനം ചോദ്യംചെയ്ത് നല്കിയ ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിലാണ് ഡിവിഷന് ബെഞ്ച് വിധി പ്രഖ്യാപിച്ചത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം 2016ല്‍ നിയമസഭയിലേക്കും 2019ല്‍ ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ലോക്സഭ തെരഞ്ഞെടുപ്പിെന്റ വോട്ടര്‍പട്ടിക കരടായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് പട്ടികയില്‍ 2.51 കോടി വോട്ടര്‍മാര്‍ എന്നത് 2019ല്‍ ഇത് 2.62 കോടിയായതും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറോക്ക് നഗരസഭ കൗണ്‍സിലര്‍ പി. ആഷിഫ്, കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍ എന്നിവരാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കുന്നത് പ്രായോഗികമല്ലെന്ന വാദമാണ് തെരഞ്ഞെടുപ്പ് കമീഷന് ഉന്നയിച്ചത്. വാര്‍ഡ് അടിസ്ഥാനത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും ബൂത്ത് അടിസ്ഥാനത്തില്‍ തയാറാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പട്ടിക കരടായി സ്വീകരിച്ചാല്‍ അപാകതകളുണ്ടാകുമെന്നും ആയിരുന്നു കമീഷന് വാദം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്