×

വിസ്മയ കൊല കേസില്‍ – കിരണിന് 2032 വരെ ജയില്‍ ; 12 ലക്ഷം രൂപ പിഴ

കൊല്ലം: ബി.എ.എം.എസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയ വി. നായര്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവും 12.55 ലക്ഷം രൂപ പിഴയും.

304 ബി പ്രകാരം 10 വര്‍ഷം തടവും, 498 എ-രണ്ട് വര്‍ഷം തടവ് 50000 രൂപ പിഴയും പിഴയടക്കാഞ്ഞാല്‍ മൂന്ന് മാസം തടവും, 306 പ്രകാരം 6 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും പിഴയടക്കാഞ്ഞാല്‍ ആറ് മാസം തടവും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന് വകുപ്പു പ്രകാരം ആറ് വര്‍ഷവും 10 ലക്ഷം രൂപ പിഴയും പിഴയടക്കാഞ്ഞാല്‍ 18 മാസം തടവും നാല് വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും 5000 രൂപയും പിഴയടക്കാഞ്ഞാല്‍ 15 ദിവസം തടവും വിധിച്ചു.

മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയും 12.55 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. 12.55 ലക്ഷം രൂപ പിഴയില്‍ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 304 ബി പ്രകാരം സ്ത്രീധന മരണം, 498 എ- സ്ത്രീധന പീഡനം, 306 -ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് കിരണ്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് തെറ്റ് ചെയ്തിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. അച്ഛന് സുഖമില്ല, ഓര്‍മക്കുറവുണ്ട്, അപകടമുണ്ടാകാനുള്ള സാധ്യതയു​ണ്ട്. വിസ്മയയുടെത് ആത്മഹത്യയാണ് എന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

കേസ് വ്യക്തിക്കെതിരെയല്ല, സാമൂഹിക വിപത്തിനെതിരെയുള്ളതാണെന്നും രാജ്യം ഉറ്റുനോക്കുന്ന കേസാണെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. പരമാവധി ശിക്ഷ നല്‍കി വിധി പൊതുസമൂഹത്തിനുള്ള സന്ദേശമായിരിക്കണമെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും നിയമം പാലിക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു പ്രതിയെന്നും പ്രൊസിക്യൂഷന്‍ കോടതിയെ ഓര്‍മിപ്പിച്ചു. വിദ്യാസമ്ബന്നനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിട്ടും ഭാര്യയോട് പ്രാകൃതനടപടിയാണ് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.

പ്രതിക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ ആദ്യ സ്ത്രീധന മരണമല്ല. ജീവപര്യന്തം നല്‍കരുത്. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും സുപ്രീംകോടതി പോലും സ്ത്രീധന മരണങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കിയിട്ടില്ലെന്നും സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചു​കൊണ്ട് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. പ്രതിയുടെയും പ്രതിഭാഗത്തിന്റെയും പ്രൊസിക്യൂഷന്റെയും വാദങ്ങള്‍ കേട്ടശേഷം കോടതി പിരിഞ്ഞു. അഞ്ചു മിനിട്ടിനു ശേഷം വീണ്ടും കോടതി ചേര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്.

11 മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ നിരന്തര പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിലെ ഏകപ്രതിയാണ് കിരണ്‍ കുമാര്‍. കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ കിരണ്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് മാറ്റിയിരുന്നു.

സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക എന്നീ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. 42 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 120 രേഖകളും 12 മുതലുകളും ഹാജരാക്കി. ഉപദ്രവിക്കുക(323 ാം വകുപ്പ്), ഭീഷണിപ്പെടുത്തുക (506 -1) എന്നിവയില്‍ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.

ഡിജിറ്റല്‍ തെളിവുകള്‍ വലിയ പങ്കുവിച്ച കേസില്‍ ‘പീഡനം സഹിക്കാന്‍ ഇനി വയ്യെന്നും താന്‍ മരിക്കുമെന്നുള്ള വിസ്മയയുടെ വാചകങ്ങള്‍ വരെ മരണമൊഴിയായി സ്വീകരിക്കപ്പെട്ടു.

2021 ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളെ ഭര്‍ത്താവ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഭര്‍ത്താവ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 10ന് കുറ്റപത്രം സമര്‍പ്പിച്ചു. ജനുവരി 10ന് വിചാരണ ആരംഭിച്ച കേസില്‍ മേയ് 18ന് വാദം പൂര്‍ത്തിയായി. ജി. മോഹന്‍രാജാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top