5 ദിവസം 54 മണിക്കൂര്‍ ; വിപാസന ധ്യാനത്തിലൂടെയും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെയും ക്ഷമ താനെ വരും ; വിശദീകരിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ”12 അടി നീളവും വീതിയുമുള്ള മുറി. ഒരു കമ്ബ്യൂട്ടറിന് മുന്നിലായി മൂന്ന് ഇ.ഡി ഓഫിസര്‍മാര്‍.
അവരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍. ഇടക്കിടെ അവര്‍ എഴുന്നേറ്റ് പോകുന്നുണ്ടായിരുന്നു. മുതിര്‍ന്ന ഓഫിസര്‍മാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരിക്കണം. ഏറ്റവും ഒടുവിലത്തെ ദിവസം 12 മണിക്കൂറായിരുന്നു ചോദ്യംചെയ്യല്‍.
എഴുന്നേറ്റുപോകാതെ തുടര്‍ച്ചയായി കസേരയില്‍ തന്നെ ഇരുന്നു ചോദ്യങ്ങള്‍ക്ക് മറുപടി നല്കുമ്ബോള് ഇ.ഡി ഓഫിസര്‍മാര്‍ ചോദിച്ചു: ഞങ്ങള്‍ മടുത്തു. നിങ്ങള്‍ മടുത്തിട്ടില്ലല്ലോ. അതെന്താണ് കാര്യം? ”-അഞ്ചു ദിവസത്തിനിടയില്‍ 54 മണിക്കൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത രീതിയെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിപാസന ധ്യാനം നടത്താറുള്ളതുകൊണ്ട് ഏഴോ എട്ടോ മണിക്കൂര്‍ ഒറ്റയിരുപ്പ് ഇരിക്കേണ്ടി വന്നാലും തനിക്ക് പ്രശ്നമല്ലെന്ന് അവരോട് പറഞ്ഞു. അപ്പോള്‍ വിപാസന ധ്യാനത്തെക്കുറിച്ചായി ചോദ്യം. ക്ഷമാപൂര്‍വം ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും, അത് രേഖപ്പെടുത്തിയ കടലാസുകള്‍ വായിച്ച് ഒപ്പിടുകയും ചെയ്തു. അതിനിടയില്‍ ഓഫിസര്‍മാര്‍ ചോദിച്ചു. ഇത്രത്തോളം ക്ഷമ എങ്ങനെ കിട്ടി? ഞാന്‍ മറുപടി പറഞ്ഞു:
2004 മുതല്‍ കോണ്‍ഗ്രസിലാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷമ താനേ വരും. ആ പറഞ്ഞതിന്റെ അര്‍ഥം കോണ്‍ഗ്രസുകാര്‍ക്ക് മനസ്സിലാകാതിരിക്കില്ലെന്ന് എ.ഐ.സി.സി വളപ്പിലെ വേദിയിലുള്ള നേതാക്കളെ നോക്കി മുന്നിലുള്ള പ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു. ക്ഷമ താനേ വരും. സചിന് പൈലറ്റ് ഇവിടെ ഇരിക്കുന്നു. അദ്ദേഹത്തിനറിയാം. അതുപോലെ മറ്റുള്ളവരുമുണ്ട്. അവര്‍ക്കെല്ലാം അറിയാം. എന്നാല്‍ ‘അപ്പുറത്ത്’ അങ്ങനെയല്ല. കൈ കൂപ്പി നിന്നാല്‍ കാത്തുനില്പു വേണ്ട, കാര്യം നടക്കും. ”ഇ.ഡി ഓഫിസില്‍ താന്‍ ഒറ്റക്കല്ലായിരുന്നു. മറ്റാരെയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും പ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. സര്‍ക്കാറിന്റെ വഴിവിട്ട രീതികള്‍ നിര്‍ഭയം എതിര്‍ക്കുന്ന എല്ലാവരും അവിടെ ഉണ്ടായിരുന്നു. ആ വിചാരത്തോടെയാണ് ചോദ്യം ചെയ്യല്‍ നേരിട്ടത്” -രാഹുല്‍ പറഞ്ഞു.
ഇ.ഡി ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അത് ചോദ്യം ചെയ്തവര്‍ക്ക് മനസ്സിലായിട്ടുണ്ട്. ആരെയും ഭയക്കുന്നില്ല. തന്നെ ചോദ്യം ചെയ്തതൊക്കെ ചെറിയ വിഷയമാണ്. വലിയ വിഷയം, മോദിസര്‍ക്കാര്‍ രാജ്യത്തോടു ചെയ്യുന്ന അനീതികളാണ്.
ചെറു വ്യവസായ സംരംഭങ്ങളെല്ലാം തകര്‍ത്തുകളഞ്ഞു. ആര്‍ക്കും തൊഴില്‍ നല്കാന് പോകുന്നില്ല. രണ്ടു മൂന്നു കോര്‍പറേറ്റുകള്‍ക്കുവേണ്ടി മോദി രാജ്യം ഭരിക്കുന്നു. കാര്‍ഷിക നിയമം കൊണ്ടുവന്നപ്പോള്‍, അത് പിന്‍വലിക്കേണ്ടി വരുമെന്ന് താന്‍ പറഞ്ഞു. അതുതന്നെ സംഭവിച്ചു. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.അഞ്ചു ദിവസത്തെ ചോദ്യം ചെയ്യല്‍ നേരിട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി എ.ഐ.സി.സി സംഘടിപ്പിച്ച പ്രവര്‍ത്തക യോഗത്തില്‍ മുഖ്യമന്ത്രിമാരായ അശോക് ഗെഹ് ലോട്ട്, ഭൂപേഷ് ബാഘേല്‍ എന്നിവരും പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി, പി. ചിദംബരം, കെ.സി. വേണുഗോപാല്‍, സചിന് പൈലറ്റ്, അജയ് മാക്കന് തുടങ്ങിയവരും പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പ്രതിഷേധ പരിപാടികള്‍ക്ക് എത്തിയ നേതാക്കളെ പിന്നീട് രാഹുല്‍ സംഘങ്ങളായി കണ്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്