നികുതിപണം കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് = ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
രോഗികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്കല്ല. മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വളരെ കൃത്യമായ നിര്‍ദേശങ്ങള്‍ ഈ കാലയളവില്‍ നല്‍കിയിട്ടുണ്ട്. അത് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ഗൗരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
“സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആശുപത്രിയാണ്. ജനങ്ങളുടെ നികുതിപണം കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വ്യക്തിയും പ്രധാനപ്പെട്ടത്. ഒരു ശുപാര്‍ശയും ചെയ്യാനില്ലാത്ത ആയിരക്കണക്കിന് ആളുകളാണ് മെഡിക്കല്‍ കോളജുകളില്‍ വരുന്നത്. അങ്ങനെ വരുന്ന ഓരോരുത്തര്‍ക്കും മികച്ച ചികിത്സ ലഭിക്കണം, അതാണ് ലക്ഷ്യമിടുന്നത്”, വീണാ ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ ന്യൂറോളജി, നെഫ്‌റോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു. ഏകോപനത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതിനാലാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നടപടിയില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന രംഗത്തെത്തി. ഡോക്ടര്‍മാരെ ബലിയാടാക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി. അതേസമയം ഒരു പ്രശ്‌നം ഉണ്ടാകുമ്ബോള്‍ അതില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത് ഒരു ശിക്ഷാ നടപടിയല്ല. മാറ്റിനിര്‍ത്തിയിട്ട് സമഗ്ര അന്വേഷണം നടത്തുകയാണ്. പക്ഷെ അത് സ്വീകരിക്കാന്‍ കഴിയില്ല എന്ന രീതിയിലേക്ക് ആളുകളുടെ ജീവന് ഒരു വിലയുമില്ലാത്ത സാഹചര്യത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
രണ്ടരയോടു കൂടിയാണ് കിഡ്‌നിയുമായി ആംബുലന്‍സ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. ആംബുലന്‍സ് ഡ്രൈവറെ കൂടാതെ രണ്ട് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. അഞ്ചരയോടു കൂടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെത്തി. കിഡ്‌നി കൃത്യമായി തന്നെ എത്തിക്കാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍, പൊലീസ്, ഡോക്ടര്‍മാര്‍ നന്ദി അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ആംബുലന്‍സ് ഇവിടെ എത്തിക്കഴിഞ്ഞതിന് ശേഷം ഡോക്ടര്‍മാര്‍ ഇറക്കുന്നതിന് മുന്‍പ് ആശുപത്രി ജീവനക്കാര്‍ അല്ലാത്ത പുറത്തുനിന്നുള്ള മൂന്നാലുപേര്‍ പെട്ടെന്നു തന്നെ കിഡ്‌നിയുള്ള പെട്ടിയുമെടുത്ത് ഓടി എന്നുള്ള പരാതിയുമുണ്ട്, വീണാ ജോര്‍ജ് പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം മരിച്ച സുരേഷ് കുമാറിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സുരേഷിന്‍റെ സഹോദരന്‍റെ പരാതിയിലാണ് കേസ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്