വത്തിക്കാനിലേക്ക് രക്ഷപ്പെട്ടേക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട് ; വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു, ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാനിടയുണ്ടെന്ന് രഹസ്യവിവരം. ഇതേത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിരവധി ബന്ധങ്ങളുള്ള ബിഷപ്പ് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
ബിഷപ്പ് വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയും, ലൈംഗിക പീഡനം സാധൂകരിക്കുന്ന ശക്തമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചതായാണ് സൂചന.
കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് ജലന്ധറിലേക്ക് പോകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.
കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇത് കണ്ടെത്തിയാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതിനിടെ ആഭ്യന്ത അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുകയാണ്. ജലന്ധര്‍ ബിഷപ്പ് 12 തവണ ബലാല്സംഗം ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി മദര്‍ സുപ്പീരിയറിന് ഡിസംബറില്‍ കത്തയച്ചിരുന്നു. മാനഹാനി ഭയന്നാണ് നേരത്തെ വെളിപ്പെടുത്താതിരുന്നത്. കുറവിലങ്ങാട് മഠത്തിലെ 20 നമ്ബര്‍ റൂമില്‍ വെച്ചാണ് ബിഷപ്പ് പീഡിപ്പിച്ചത്. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കത്തില്‍ കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്