നഷ്ടമായത് കോണ്‍ഗ്രസിലെ ഏറ്റവും തല മുതിര്‍ന്ന നേതാവിനെ’; അനുശോചിച്ച് മുഖ്യമന്ത്രിയും നേതാക്കളും
തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, തുടങ്ങിയവര്‍ അനുശോചിച്ചു.
കോണ്‍ഗ്രസിലെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളിലൊരാളെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പാര്‍ലമെന്റേറിയന്‍, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളില്‍ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ പദവിയിലും ഗവര്‍ണര്‍ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. വിവിധ സ്ഥാനങ്ങളില്‍ ഇരിക്കെ തന്റെ ഭരണപാടവവും കണിശതയും കാര്‍ക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ സ്പീക്കര്‍ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരും കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരിയുമായിരുന്നു വക്കം പുരുഷോത്തമനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചു. വ്യക്തതയും കണിശതയുമുള്ള നിലപാടുകളാണ് അദ്ദേഹത്തിന്റേത്. ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണെന്നും സതീശന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
വഹിച്ചിരുന്ന പദവികളില്‍ എല്ലാം തിളങ്ങി നിന്നിരുന്ന വക്കം പുരുഷോത്തമന്‍ എല്ലാ പ്രശ്‌നങ്ങളും ക്രിയാത്മകമായി പരിഹരിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചിച്ചു.
നാളത്തെ എഐസിസി യോഗം മാറ്റി
മുതിര്‍ന്ന നേതാവായ വക്കം പുരുഷോത്തമന്റെ നിര്യാണത്തെത്തുടര്‍ന്ന് എഐസിസി നാളെ ചേരാന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം റദ്ദാക്കി. യോഗത്തിനെത്തിയ നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങും. വക്കം പുരുഷോത്തമന്റെ മൃതദേഹം നാളെ രാവിലെ ഡിസിസി ഓഫീസലും തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം മറ്റന്നാള്‍ രാവിലെ 11 ന് വക്കത്തെ കുടുംബവീട്ടില്‍ നടക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്