×

മുഖ്യമന്ത്രിയുടെ തടയണ തകര്‍ത്ത്‌ ആഞ്ഞടിച്ച്‌ വി ഡി സതീശന്‍; എം എം മണി എന്നെ നോക്കി ചേഷ്‌ഠ കാട്ടി

സതീശന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

കുറ്റകരമായ അനാസ്ഥയുടെ ദുരന്തമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നത്. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നദികള്‍ നിറയാന്‍ കാത്തുനിന്നു, എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നിട്ട് മഹാപ്രളയം സൃഷ്ടിച്ചതിന്റെ ഉത്തരവാദികള്‍ ആരാണ് ?

രാഷ്ട്രീയമായ ആരോപണം ഉന്നയിച്ച് ഈ ചര്‍ച്ചയുടെ ഗൗരവത്തെ ചോര്‍ത്തിക്കളയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ കെടുകാര്യസ്ഥതയുടെ, ആസൂത്രണമില്ലായ്മയുടെ, കുറ്റകരമായ അനാസ്ഥയുടെ ബാക്കി പത്രമാണ് ഈ മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതാന്‍ പോകുകയാണ്.

ഡാം മാനെജ്‌മെന്റിന്റെ എബിസിഡി അറിയാത്ത ആളുകളെ അതിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത് ആരാണ് ?, അതിനെ നിരീക്ഷിക്കാന്‍ ഗൗരവപൂര്‍ണമായ നടപടികള്‍ എടുക്കാന്‍ എന്തുകൊണ്ട് നമ്മള്‍ക്ക് കഴിഞ്ഞില്ല ?, ഡാം മാനെജ്‌മെന്റ് എന്ന് പറഞ്ഞാല്‍ ആ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെളളം ഡാമില്‍ നിന്ന് വെളളം അധികമാകുമ്പോള്‍ നിയന്ത്രിതമായി പുറത്തേക്ക് വിടേണ്ട വെളളം, അതിനൊരു വാട്ടര്‍ മാനെജ്‌മെന്റ് ഉണ്ട്, അതിനൊരു ഫ്‌ളോ ചാര്‍ട്ടുമുണ്ട്.

രണ്ടാമത്തെ ഘടകം കാലാവസ്ഥയുടെ പ്രവചനമാണ്. മൂന്നാമത്തെ കാര്യം നദി തടത്തിന്റെ പ്രത്യേകതകളാണ്. റിവര്‍ ബേസിന്റെ പ്രത്യേകതകളാണ്. ഹൈഡ്രോളജിക്കല്‍ ഡാറ്റയും മീറ്റയോളജിക്കല്‍ ഡാറ്റയും. നാലാമത്തെ പ്രധാനപ്പെട്ട കാര്യം ഈ വെളളം ഒഴുകി പോകേണ്ട കടലിലെ ഔട്ട് ലെറ്റാണ്.

വെളളം എങ്ങനെ ഒഴുകി പോകണമെന്ന്. ഇടുക്കി ഡാം രാത്രി തുറന്നപ്പോള്‍, ഏഴ് മണിക്കൂര്‍ കഴിഞ്ഞാണ് കടലില്‍ എത്തുന്നത്. ആ കടലില്‍ ഇത് എത്തിയപ്പോള്‍ അന്നേരം അവിടെ വേലിയേറ്റമായിരുന്നു. ഈ ഇറക്കിവിട്ട വെളളം മുഴുവന്‍ കിഴക്കോട്ട് കടല്‍ തളളി. അങ്ങനെയാണ് ഞങ്ങളുടെ പറവൂര്‍ അടക്കമുളള സ്ഥലങ്ങള്‍ മുങ്ങിപ്പോയത്. അവിടെ നിന്ന് വെളളം തുറന്ന് വിടുമ്പോള്‍ വേലിയിറക്കമുളള സമയത്ത് വെളളം തുറന്നുവിടണമെന്നുളള പ്രാഥമിക പാഠം പോലും അറിയാതെയാണോ ഇത് ചെയ്തത് ?

എല്ലാ മാന്‍ഡേറ്ററി പ്രൊസിജിയറുകളും ലംഘിച്ച് രാത്രി മനുഷ്യന്‍ വീട്ടില്‍ കിടന്ന് ഉറങ്ങുമ്പോള്‍ മുന്നറിയിപ്പില്ലാതെ വെളളം തുറന്നുവിട്ട് അവന്റെ….. (ഭരണപക്ഷ അംഗങ്ങള്‍ ബഹളം ഉണ്ടാക്കിയതിനാല്‍ പ്രസംഗം തടസപ്പെട്ടു. വാചകം പൂര്‍ത്തിയാക്കാനായില്ല) 

ജൂണിലും ജൂലൈയിലും കനത്ത മഴയായിരുന്നു. ജൂലൈ 17ാം തിയതി സംസ്ഥാനം കണ്ട ഏറ്റവും സെക്കന്റ് ഹൈയസ്റ്റ് മഴ പെയ്തു. ഹെവി റെയ്ന്‍, കാലാവസ്ഥ പ്രവചനം എന്താണ് ?, ഹെവി റെയ്ന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. (ഹെവി ടു വെരി ഹെവി റെയ്ന്‍ ഫാള്‍) എട്ടാം തിയതി മുതല്‍ 18ാം തിയതി വരെ.

15 മുതല്‍ 20 ദിവസം വരെ ഡാമില്‍ നിന്ന് നിയന്ത്രിതമായ അളവില്‍ വെളളം തുറന്നുവിടാനുളള സമയമുണ്ടായിട്ടും നിഷ്‌ക്രിയരായി നോക്കി നിന്നു. ഒരു മാസകാലത്തോളം നോക്കി നിന്നു. 2397 അടിയായാല്‍ ഞങ്ങള്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞപ്പോള്‍ ഒരു കാരണവശാലും വെളളം തുറന്നുവിടില്ലാ എന്ന് ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. എന്ത് തര്‍ക്കമായിരുന്നു സര്‍ക്കാരില്‍ ?. ഏത് ഉദ്യോഗസ്ഥനാണ് ഇതിന് ഉത്തരവാദി?, ഈ മനുഷ്യരെ കൊലചെയ്ത, നൂറു കണക്കിന് ആളുകളെ കൊലചെയ്ത, എല്ലാവരുടെയും എല്ലാം നഷ്ടപ്പെടുത്തിയ ഇതിന് ഉത്തരവാദികളാരായിരുന്നു ?

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയുന്നു, അങ്ങിവിടെ അവതരിപ്പിച്ച പ്രസംഗത്തില്‍ കാലാവസ്ഥാ പ്രവചനത്തെ പറ്റിയുളള അബദ്ധ ജടിലമായ കാര്യങ്ങള്‍ അങ്ങേയ്ക്ക് എഴുതി തന്നേക്കുന്നു. കൃത്യമായ കാലാവസ്ഥാ പ്രവചനം ഉണ്ടായിട്ടും നദികള്‍ നിറഞ്ഞ് കവിഞ്ഞിട്ടും ഡാമുകള്‍ നിറയാറായിട്ടും ആ ഡാമുകളില്‍ നിന്ന് വെളളം തുറന്നുവിടാന്‍ 20 ദിവസം ഉണ്ടായിട്ടും ചലനമറ്റ് നിന്ന ഒരു സംവിധാനമായിരുന്നു ഈ ഗവണ്‍മെന്റിന്റെ കീഴെ പ്രവര്‍ത്തിച്ചതെന്ന് ദുഃഖത്തോട് കൂടി പറയാനാഗ്രഹിക്കുന്നു.

രക്ഷാപ്രവര്‍ത്തനം, അതില്‍ ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു , എന്ത് രക്ഷാപ്രവര്‍ത്തനം ?, എന്ത് രക്ഷാപ്രവര്‍ത്തനമാണ് നടന്നത് ?, ആദ്യത്തെ ദിവസം ഒരു രക്ഷാപ്രവര്‍ത്തനവും നടന്നില്ല. രണ്ടാമത്തെ ദിവസം അനങ്ങിയില്ല സര്‍ക്കാര്‍ സംവിധാനം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞു, ഐപിഎസുകാരെ, ഐഎഎസുകാരെ ചുമതലപ്പെടുത്തിയെന്ന്.

രണ്ട് സിഐയും രണ്ട് എസ്‌ഐയും അടക്കം ഏഴ് പൊലീസുകാരെയും വെച്ചിട്ടാണ് 25,000 പേരെ രക്ഷിക്കാനുളള രക്ഷാപ്രവര്‍ത്തനം പറവൂരില്‍ നടന്നത്. ഇവിടെ വൈപ്പിനിലെ എംഎല്‍എ ശര്‍മ്മ ഇരിയ്ക്കുന്നു. ശര്‍മ്മയും ഞാനും ചേര്‍ന്ന് അദ്ദേഹം പറഞ്ഞുവിട്ട മത്സ്യത്തൊഴിലാളികളുടെ വളളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതല്ലാതെ, ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞുവിട്ട ഒരു മത്സ്യത്തൊഴിലാളി വളളവും ഞങ്ങളുടെ പ്രദേശത്ത് ഇറങ്ങിയിട്ടില്ല.

വെളളമിറങ്ങിയപ്പോഴാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നത്. 60 ശതമാനത്തിലധികം ആളുകള്‍ രക്ഷപ്പെട്ടത് വെളളം ഇറങ്ങിയതിന് ശേഷം. നാലുദിവസക്കാലം വെളളമില്ലാതെ, ഭക്ഷണമില്ലാതെ ഒറ്റപ്പെട്ട ക്യാംപുകളില്‍ കഴിഞ്ഞ പാവങ്ങള്‍. ഏഴ് പൊലീസുകാര്‍ ( (ഭരണപക്ഷ അംഗങ്ങള്‍ ബഹളം ഉണ്ടാക്കിയതിനാല്‍ പ്രസംഗം തടസപ്പെട്ടു. വാചകം പൂര്‍ത്തിയാക്കാനായില്ല) ). ഒരു കാര്യം കൂടി പറയുന്നു, രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ഭാഗം എന്താണ്, സുഖമില്ലാത്ത ആളുകളെ കൊണ്ട് വരണം. സുഖമില്ലാത്ത ആളുകളെ രക്ഷപ്പെടുത്തി കൊണ്ട് വരുമ്പോള്‍ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് പോലും അവിടെ ഉണ്ടായിരുന്നില്ല .

രണ്ടുപേര്‍ ക്യാംപില്‍ മരിച്ചിട്ട് അവരുടെ ശവം സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ എറണാകുളത്ത് ഒരു ശ്മശാനം അറേഞ്ച് ചെയ്തപ്പോള്‍ അവരെ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് ഇല്ലാതെ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രണ്ട് ശവശരീരങ്ങള്‍ ബന്ധുക്കളോടൊപ്പം കയറ്റിവിടാന്‍ ദൗര്‍ഭാഗ്യമുണ്ടായ ഒരു ജനപ്രതിനിധിയാണ്. എന്ത് രക്ഷാപ്രവര്‍ത്തനവും, എന്ത് സംവിധാനവുമാണ് എവിടെയാണ് ഉണ്ടായിരുന്നത് എന്ന് നിങ്ങള്‍ പറയണം?.

ആര്‍മിയേയും നേവിയേയും കൊണ്ടുവന്ന് എന്ന് പറഞ്ഞു. ആര്‍മിയും നേവിയും വന്നു, പക്ഷേ ആര്‍മിക്ക് ബോട്ട് അംബാലയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും കൊണ്ടുവരേണ്ടി വന്നു. ഇങ്ങനെയൊരു രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വരുമെന്നുളള കൃത്യമായ മുന്നറിയിപ്പ് പോലും സേനാവിഭാഗങ്ങള്‍ക്ക് നല്‍കിയില്ല.

പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചുകൊണ്ട് നടത്തിയ, നാട്ടുകാര്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തിയ എല്ലാ പാര്‍ട്ടിയിലും പെട്ട രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തിയ പൊതുപ്രവര്‍ത്തകര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും അഭിമാനം കൊളേളണ്ട കാര്യമില്ല , ഈ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എന്റെ പ്രദേശത്ത് ഉണ്ടായിരുന്ന ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ തഹസില്‍ദാരായിരുന്നു.

അതിനെക്കാളും വലിയ ഉദ്യോഗസ്ഥന്‍ ആ പ്രദേശത്ത് ഒന്നും ആരും ഉണ്ടായിരുന്നില്ല. എവിടെപ്പോയി നിങ്ങള്‍ നിയോഗിച്ച ഐഎഎസുകാര്‍?, എവിടെ പോയി നിങ്ങള്‍ നിയോഗിച്ച ഐപിഎസുകാര്‍?, രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം പോലും എംഎല്‍എമാര്‍ നിര്‍വഹിക്കേണ്ടി വന്ന സ്ഥിതിയായിരുന്നു.

എവിടെ നിന്ന് തുടങ്ങണം, എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ട സംവിധാനങ്ങള്‍? അതുകൊണ്ട് ഈ ഡാംമാനെജ്‌മെന്റ് കുറ്റകരമായ അനാസ്ഥയോട് കൂടി ഈ ഡാമിലെ വെളളം മുഴുവന്‍ തുറന്നുവിട്ടു. മുഖ്യമന്ത്രിയോട് ഞാന്‍ അവസാനമായി ഒരു കാര്യം പറയുന്നു. മുഖ്യമന്ത്രി പറഞ്ഞ് ഫലിപ്പിക്കാന്‍ ശ്രമിച്ചത് ഡാം തുറന്ന് വിട്ടത് കൊണ്ടല്ലാ, മഴ പെയ്തത് കൊണ്ടാണ് ദുരന്തം ഉണ്ടായതെന്നാണ്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ പഴയ ഒരു റിപ്പോര്‍ട്ട് അതാണ് മുല്ലപ്പെരിയാര്‍ കേസില്‍ നമുക്കെതിരായി ഉണ്ടായ എല്ലാ വിധികള്‍ക്കും കാരണം.

അങ്ങയുടെ ഈ നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നടുവ് ഒടിക്കുന്ന ഒരു നിലപാടാണ്. യാഥാര്‍ത്ഥ്യം പറയണം, ഈ പ്രളയത്തിന് ഉത്തരവാദികളായ ആളുകളെ, കുറ്റകരമായ അനാസ്ഥ കാണിച്ചവരെ, ഈ കൃത്യം നിര്‍വഹിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാനുളള നടപടികള്‍ സ്വീകരിക്കണം. ദുരിതാശ്വാസത്തിന് ഞങ്ങളുണ്ടാകും കൂടെ. ഈ നാട്ടിലെ ജനങ്ങളെ മുഴുവന്‍ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുളള പ്രവര്‍ത്തനങ്ങള്‍.

മന്ത്രി എം.എം മണി എന്നെ നോക്കി പരിഹാസത്തോട് കൂടി ചേഷ്ട കാട്ടി, അദ്ദേഹം നല്ല ഒരു പൊതു പ്രവര്‍ത്തകനാണ്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാണ്. മന്ത്രിയായപ്പോള്‍ സന്തോഷിച്ചയാളാണ് ഞാന്‍. പക്ഷേ വൈദ്യുതി വകുപ്പ് അദ്ദേഹത്തിന് കൊടുത്തപ്പോള്‍ ഞാനൊന്ന് നെറ്റിചുളിച്ചു, ആ നെറ്റി ചുളിച്ചത് ശരിയാണെന്ന് ഇന്ന്, ഇക്കാര്യങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നു അതുകൊണ്ട് ഈ കേരളത്തെ തിരിച്ചുകൊണ്ട് വരാനുളള എല്ലാ ശ്രമങ്ങളും നമുക്ക് ഒരുമിച്ചെടുക്കാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top