×

തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ തങ്ങളീ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ്? നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു വി ഡി സതീശനും

കൊച്ചി: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലിസ്റ്റ് പ്രഖ്യാപിക്കും മുന്ന് ചര്‍ച്ച നടന്നില്ലെന്ന ഇരുവരുടെയും വാദം സതീശന്‍ തള്ളിക്കളഞ്ഞു.

ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണ്. താനും സുധാകരനും മൂലയില്‍ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ ആകില്ല. താഴെത്തട്ടില്‍ വരെ മാറി മാറി ചര്‍ച്ച നടത്തി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു. ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല. അത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡിസിസി പുനഃസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി ഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഉമ്മന്‍ ചാണ്ടിക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. വിശാല അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്നും ഉമ്മന്‍ ചാണ്ടിയോട് രണ്ട് തവണ ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ പറഞ്ഞു. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം. എന്നിട്ടും ഇത്രയും വിമര്‍ശനം മാത്രമേ ഉണ്ടായിട്ടുള്ളു. മെറിറ്റ് പരിശോധിക്കണം.

ഡിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം വാസ്തവവിരുദ്ധം. വിശാല അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു തവണ ചര്‍ച്ച നടത്തി. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി നല്‍കിയ പേരുകള്‍ ഡയറിയില്‍ കുറിച്ചിരിക്കുന്നത് സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ചു.

ഇത്രയുകാലം ഗ്രൂപ്പ് മാത്രമാണ് പരിഗണിക്കപ്പെട്ടിരുന്നത്. രണ്ടു ഗ്രൂപ്പുകള്‍ നല്‍കുന്ന പേരുകളാണ് പരിഗണിച്ചിരുന്നത്. ഇതിന് മുന്‍പ് നിരവധി തവണ പുനഃ സംഘടന നടന്നിട്ടുണ്ട്. അപ്പോഴെല്ലാം ഗ്രൂപ്പുകള്‍ നല്‍കുന്ന പേരുകളാണ് പരിഗണിച്ചത്. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി വീതംവെയ്ക്കലാണ് പതിവ്. താന്‍ വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്ന സമയത്ത് തന്നോട് ചര്‍ച്ച നടത്താതെ സ്ഥാനാര്‍ത്ഥികളെയും ഭാരവാഹികളെയും തീരുമാനിച്ച്‌ ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുകയാണ് ഉണ്ടായത്. പണ്ട് സ്ഥാനാര്‍ത്ഥി പട്ടികയിലും ഭാരവാഹി പട്ടികയിലും ആരോടൊക്കെ ഇവര്‍ ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ ചോദിച്ചു.

നേരത്തെ ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചു ഫലപ്രദമായ ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയത്തെ പുതിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അടുത്തു നില്‍ക്കുമ്ബോഴാണ് ഉമ്മന്‍ ചാണ്ടി പുതിയ പട്ടികയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top