ഉമ്മന്‍ചാണ്ടി അനുസ്മരണം ; മൈക്ക് വിവാദം – അന്വേഷണം മതി FIR വേണ്ട
തിരുവനന്തപുരം: അനുസ്മരണത്തില്‍ഉമ്മൻ ചാണ്ടി മൈക്ക് തകരാറിലായ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. തുടര്‍ നടപടികള്‍ വേണ്ടെന്നും സുരക്ഷാ പരിശോധന മാത്രം മതിയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.കേസ് ഇന്നുതന്നെ അവസാനിപ്പിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മൈക്ക് പരിശോധന വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്. പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയ്ക്കിടയിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയില്‍ മൈക്കിന്റെ ശബ്ദം തടസപ്പെട്ടു. തുടര്‍ന്ന് കേരളാ പൊലീസ് ആക്‌ട് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പൊതു സുരക്ഷയില്‍ വീഴ്ച വരുത്തുന്ന പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യല്‍ എന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്നാണ് വിവരം. കെ സുധാകരൻ അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിനടുത്തെത്തിയതും ഹാളിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചില പ്രവര്‍ത്തകര്‍ “ഉമ്മൻ ചാണ്ടി സിന്ദാബാദ് ” മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം നീണ്ടപ്പോള്‍ മുഖ്യമന്ത്രി ക്ഷമയോടെ നോക്കിനിന്നു. വേദിയിലിരുന്ന നേതാക്കളും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കൈയുയര്‍ത്തി മുദ്രാവാക്യം വിളി നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം പ്രസംഗമാരംഭിച്ച് മിനിട്ടുകള്‍ പിന്നിട്ടപ്പോഴാണ് മൈക്കില്‍ തകരാറുണ്ടായത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്