×

യുഡിഎഫ്‌ ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളി- കെ കെ ശിവരാമന്‍

തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങളുടെ പേരില്‍ യുഡിഎഫ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍
പറഞ്ഞു.
ജില്ലയിലെ ജനകീയ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചുകൊണ്ടിരിക്കുകകയാണ്‌ ഈ സര്‍ക്കാര്‍. 1964- ലെ ഭൂമി പതിവ്‌ ചട്ടങ്ങള്‍ ഭേദഗതി ചെയ്‌ത്‌ ഉപാധിരഹിത പട്ടയം എന്ന കര്‍ഷക സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്‌ ഇടതുസര്‍ക്കാരാണ്‌. പട്ടയ വിതരണത്തിന്‌ യുഡിഎഫ്‌ കൊണ്ടുവന്ന എല്ലാ ജനദ്രോഹ വ്യവസ്ഥകളും നീക്കം ചെയ്‌തതും ഈ സര്‍ക്കാരാണ്‌. അധികാരത്തില്‍ ഇരുന്നപ്പോള്‍ ഉപാധിരഹിത പട്ടയത്തിന്റെ കാര്യം മറന്നുപോയി. യുഡിഎഫ്‌
2010 ലെ ഹൈക്കോടതി ഉത്തരവിന്റെ ഫലമായി ഉണ്ടായ പ്രതിസന്ധി പരിഹരിക്കുവാന്‍ ചെറുവിരല്‍ പോലും ചലിപ്പിക്കാത്തവരാണ്‌ യുഡിഎഫ്‌. കയ്യേറ്റങ്ങളെയും അനധികൃത നിര്‍മ്മാണങ്ങളെയും സഹായിച്ച്‌ കോടികള്‍ വാരിക്കൂട്ടുകയാണ്‌ യുഡിഎഫ്‌ നേതാക്കള്‍ ചെയ്‌തത്‌. എന്നാല്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മൂന്നാര്‍ ട്രിബ്യണലിന്റെ പരിധിയില്‍ വരുന്ന എട്ട്‌ വില്ലേജുകളില്‍ ഭവന നിര്‍മ്മാണത്തിന്‌ എന്‍ഒസി നല്‍കുവാന്‍ വില്ലേജ്‌ ഓഫീസര്‍ക്ക്‌ അധികാരം നല്‍കി ഉത്തരവിറക്കി. മറ്റ്‌ നിര്‍മ്മാണങ്ങളെ സംബന്ധിച്ച്‌ ഗൗരവ്വമായി പരിശോധിച്ച്‌ തീരുമാനമെടുക്കും.
കൃഷിക്കാര്‍ സ്വന്തം പട്ടയഭൂമിയില്‍ വച്ച്‌ പിടിപ്പിച്ച മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന്‌ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നല്‍കിയ അനുമതി നിഷേധിച്ചത്‌ യുഡിഎഫാണ്‌. 2015 ഏപ്രില്‍ മാസത്തിലെ യുഡിഎഫ്‌ സര്‍ക്കാരിന്റെ ഉത്തരവാണ്‌ മരം മുറിക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്‌. കൃഷിക്കാര്‍ക്ക്‌ മരം മുറിക്കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതിന്റെ ഉത്തരവ്‌ ഉടനുണ്ടാകും. യുഡിഎഫ്‌ ഇപ്പോള്‍ ഈ ആവശ്യം തന്നെ ഉന്നയിക്കുന്നത്‌ പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പത്ത്‌ ചെയിന്‍ പ്രദേശത്തെ കൃഷിക്കാര്‍ക്ക്‌ പട്ടയം നല്‍കണമെന്ന്‌ ഇപ്പോള്‍ ആവശ്യപ്പെടുന്ന യുഡിഎഫ്‌ അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്ത്‌ ചെയ്‌തുവെന്ന്‌ ജനങ്ങള്‍ക്ക്‌ അറിയാം. അന്ന്‌ അവര്‍ കര്‍ഷകരെ ക്രൂരമായി വഞ്ചിച്ചു. പെരിഞ്ചാംകുട്ടിയില്‍ നിന്നും ഉമ്മന്‍ചാണ്ടി അടിച്ചോടിച്ച ആദിവാസികളെ അവിടെ തന്നെ കുടിയിരുത്താനുള്ള തീരുമാനവും സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു.ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ജനപക്ഷ നിലപാട്‌ സ്വീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ താറടിക്കാനുള്ള നീചശ്രമത്തിലാണ്‌ യുഡിഎഫ്‌. അനുദിനം ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്‌ കോണ്‍ഗ്രസും യുഡിഎഫുമെന്ന്‌ ശിവരാമന്‍ പറഞ്ഞു.
യുഡിഎഫിന്റെ ഹര്‍ത്താല്‍ തട്ടിപ്പ്‌ തിരിച്ചറിയണമെന്ന്‌ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളോട്‌ സിപിഐ അഭ്യര്‍ത്ഥിക്കുന്നു. സമാനതകളില്ലാത്ത നേട്ടങ്ങളുമായി മുന്നേറുന്ന എല്‍ഡിഎഫ്‌ സര്‍ക്കാരിനോടൊപ്പം അണിനിരക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും ശിവരാമന്‍ അഭ്യര്‍ത്ഥിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top