തുഷാര്‍ വെളളാപ്പളളിക്ക് 500 കോടിയുടെ ആസ്തി; കൊലക്കേസില്‍ പങ്ക്, വിവരങ്ങള്‍ പുറത്തുവിടുമെന്ന് സുഭാഷ് വാസു
ആലപ്പുഴ: ഈഴവ സമുദായത്തിന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളയാണ് വെളളാപ്പളളി കുടുംബമെന്ന് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളിയും സിപിഎമ്മുമായി ഒത്തുകളിച്ചെന്നും സുഭാഷ് വാസു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആറ്റിങ്ങള്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ സിപിഎമ്മിന് വേണ്ടി വെളളാപ്പളളി വോട്ടുകള്‍ മറിച്ചെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറ തീര്‍ക്കുന്നതിന് വേണ്ടിയാണ് എന്‍ഡിഎയുമായി തുഷാര്‍ വെളളാപ്പളളി സഹകരിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു. അനധികൃത മാര്‍ഗത്തിലൂടെ തുഷാര്‍ വെളളാപ്പളളി 500 കോടിയോളം രൂപ സമ്ബാദിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കോടി 80 ലക്ഷമായിരുന്നു തുഷാര്‍ വെളളാപ്പളളിയുടെ ആസ്തി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികയില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും സുഭാഷ് വാസു ആരോപിച്ചു.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ തുഷാര്‍ വെളളാപ്പളളിയുടെ പേരിലുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ച സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്‍ഡിഎയുമായുളള സഹകരണം തുഷാര്‍ വെളളാപ്പളളി തുടരുന്നത്. അല്ലാതെ ജനങ്ങളെ സേവിക്കാനോ, ഈഴവസമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനോ അല്ല അദ്ദേഹം എന്‍ഡിഎയുമായി സഹകരിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു. ഇപ്പോള്‍ തന്നെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഭീഷണികള്‍ക്ക് ഒന്നും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും സുഭാഷ് വാസു പറഞ്ഞു.
അച്ഛന്റെ കാലം മുതല്‍ കൃത്യമായി ആദായനികുതി അടയ്ക്കുന്ന കുടുംബമാണ് തന്റേത്. ശ്രീനാരായണ ഗുരുദേവന്റെ ആദര്‍ശങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ 13വര്‍ഷ കാലം എസ്‌എന്‍ഡിപി യോഗത്തിന്റെ നേതൃപദവികള്‍ വഹിക്കുമ്ബോള്‍, ബിസിനസ് പൂര്‍ണമായി ഉപേക്ഷിച്ചത്. ഹോട്ടല്‍, മദ്യം വ്യവസായങ്ങള്‍ ഉണ്ടായിരുന്ന താന്‍ കഴിഞ്ഞ 13 വര്‍ഷക്കാലം ഇതെല്ലാം ഉപേക്ഷിച്ച് ഗുരുദേവന്റെ വചനങ്ങള്‍ അനുസരിച്ചാണ് ജീവിച്ചത്. എന്നാല്‍ വെളളാപ്പളളി കുടുംബം ഇന്നും മദ്യവ്യവസായത്തെ കൂടെ കൊണ്ടുനടക്കുന്നു. അത്തരത്തില്‍ ഗുരുദേവന്റെ ആശയങ്ങളെ പൂര്‍ണമായി തളളിയാണ് വെളളാപ്പളളി കുടുംബം മുന്നോട്ടുപോകുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.
താന്‍ ആനയാണെന്നാണ് വെളളാപ്പളളി കൂടെ കൂടെ പറയുന്നത്. അദ്ദേഹം വെറും കുഴിയാന മാത്രമാണ്. എന്റെ കാഴ്ചപ്പാടില്‍ ആന ശ്രീനാരായണ ഗുരുദേവനാണെന്നും സുഭാഷ് വാസു പറഞ്ഞു. വെളളാപ്പളളി കുടുംബാംഗങ്ങള്‍ക്ക് കൊലക്കേസിലുളള പങ്ക് വെളിപ്പെടുത്തും.വെളളാപ്പളളി നടത്തിയ അഴിമതി 16ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്