2009 ന് സമാനമായ സാമ്ബത്തിക തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്് , ക്ഷേമ പെന്‍ഷനുകള്‍ക്കും നൂറു രൂപ കൂട്ടി 1300 രൂപയായി – തോമസ് ഐസക്
25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍
തിരുവനന്തപുരം: എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ച്, 1300 രൂപയായി ഉയര്‍ത്തി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ ചെലവില്‍ 16.13 ശതമാനം വര്‍ധിച്ചു, റവന്യു വരുമാനം 13%മാത്രമേ വര്‍ധിച്ചുള്ളുവെന്നും ധനമന്ത്രി വിശദീകരിക്കുന്നു. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12074 കോടിയായി ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു. തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കും.
ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ലെന്നും ജിഎസ്ടി കേരളത്തിന് ഗുണം ചെയ്തില്ലെന്ന് സമ്മതിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന് തുടക്കമിട്ടു. 8330 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടില്‍ നിന്നുമുണ്ടായത്. കേന്ദ്രപദ്ധതികളില്‍ എല്ലാം കുടിശ്ശിക കെട്ടികിടക്കുന്നു. 2019-ലെ പ്രളയ ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ല-ഇങ്ങനെ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതാണ് ബജറ്റ് പ്രസംഗത്തിലെ ആദ്യ ഭാഗം.
മോശം സാമ്ബത്തികാവസ്ഥയില്‍ ആണ് ബജറ്റെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്ബത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ല. വ്യക്തികളെ പോലെ സാമ്ബത്തിക പ്രശ്‌നങ്ങളെ സര്‍ക്കാര്‍ സമീപിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്നും പറഞ്ഞു. പൗരത്വനിയമത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം നടത്തിയാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. വിവിധ സാഹിത്യസൃഷ്ടികള്‍ ഉദ്ധരിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ചു. രാഷ്ട്രീയ സമൂഹ അന്തരീക്ഷം വളരെ മോശമെന്ന് ധനമന്ത്രി പറഞ്ഞു. ഭയം ഒരു രാജ്യമെന്നും നിശബ്ദത ഒരു ആക്രമണമെന്നുമുള്ള വയനാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ദ്രുപതിന്റെ കവിത ഉദ്ധരിച്ച് ധനമന്ത്രി വിശദീകരിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ്. സാമ്ബത്തിക ദുരിതമല്ല പൗരത്വ രജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രിയുടെ കുറ്റപ്പെടുത്തി. 2009 ന് സമാനമായ സാമ്ബത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്്.
വയോജനങ്ങള്‍ക്കായി കെയര്‍ഹോമുകള്‍ നിര്‍മ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ട് കോടി രൂപ വകയിരുത്തി. 10000 നഴ്‌സുമാര്‍ക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നല്‍കാന്‍ അഞ്ച് കോടിയും നീക്കി വച്ചു. അങ്ങനെ പ്രവാസികള്‍ക്കും വിദേശ ജോലി സ്വപ്‌നം കാണുന്ന നഴ്‌സുമാര്‍ക്കും തങ്ങാവുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍ഇവാക്വേഷനും വേണ്ടി ഒന്നരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജനകീയാസൂത്രണപദ്ധതിയുടെ 25-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും. അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനം കെഎസ്ഡിപിയിലൂടെ ആരംഭിക്കും. 250 പ്രതിദിനം ചെലവ് വരുന്ന മരുന്ന് 28 രൂപയ്ക്ക് കെഎസ്ഡിപി ലഭ്യമാക്കും. ക്യാന്‍സറിനുള്ള മരുന്നുകളുടെ ഉത്പാദനവും കിഫ്ബി സഹായത്തോടെ പ്രത്യേക പാര്‍ക്ക് സജ്ജമാക്കും. ഓട്ടോകാസ്റ്റില്‍ ബോഗി നിര്‍മ്മാണത്തിനായി പുതിയ സംവിധാനങ്ങളും വരും. കേരളബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാകുമെന്നാണ് പ്രതീക്ഷ. കേരളബാങ്ക് ലയനം പൂര്‍ണായും പൂര്‍ത്തിയായി വരുന്നു. സോഫ്റ്റ് വെയര്‍ ഏകോപനവും ജീവനക്കാരുടെ പുനര്‍വിന്യാസവും പൂര്ത്തിയായി വരുന്നു. ചുരുങ്ങിയ ചെലവില്‍ മികച്ച ബാങ്കിങ് സേവനം നല്‍കാന്‍ കേരള ബാങ്കിനാവുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍.
കുട്ടികളെ സര്‍ഗ്ഗാത്മകായി പരിഷ്‌കരിക്കുന്ന രീതിയില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ ചലഞ്ച് പദ്ധതി തുടരും. ഘട്ടം ഘട്ടമായി എല്ലാ സ്‌കൂളുകളിലും സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കും. ലാബുകള്‍ നവീകരിക്കും. യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തും. ആയമാരുടെ അലവന്‍സ് 500 രൂപ വര്‍ധിപ്പിക്കും. പാചകതൊഴിലാളികളുടെ വേതനം 50 രൂപ ഉയര്‍ത്തുമെന്നും ബജറ്റ് പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ്ണ ബജറ്റില്‍ കര്‍ഷകര്‍ക്കും ജലസേചനത്തിനും വന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൈത്താങ്ങായായും കേരളത്തിന്റെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചു.
നെല്‍കൃഷി കര്‍ഷകര്‍ക്ക് വേണ്ടി 40 കോടി രുപയാണ് മാറ്റി വെച്ചിരിക്കുന്നത്. നെല്‍കൃഷി കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി മാറ്റി വെച്ചു. കാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതായി നേരത്തേ ധനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നെല്‍കൃഷി 1.7 ലക്ഷം ഹെക്ടറില്‍ നിന്നും 2.03 ഹെക്ടറായി കൂടിയെന്നും പറഞ്ഞു. 4384 കോടിയുടെ കുടിവെള്ളപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ പുതിയതായി നല്‍കും. 2450 കിലോമീറ്റര്‍ ജല വിതരണപൈപ്പുകള്‍ വരും. തീരദേശ വികസനത്തിന് 380 കോടി വകയിരുത്തിയിട്ടുണ്ട്. തീരദേശ പാക്കേജിന് മൊത്തം വകയിരുത്തിയത് ആയിരം കോടി രൂപയായിരുന്നു. ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രധര്‍ത്തനത്തെ നാലു വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മറികടന്നെന്നും ഒരു വര്‍ഷം ബോണസായെന്നും ധനമന്ത്രി വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്