×

“ഒന്നുകില്‍ 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടുക, അല്ലെങ്കില്‍ നിയമസാധുത പരിശോധിക്കാം”; സുപ്രിം കോടതി മുന്നോട്ട് വച്ചത് രണ്ട് നിര്‍ദേശങ്ങള്‍

ദില്ലി: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ നാളെ നാലുമണിക്ക് സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് സുപ്രിം കോടതി. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാനമായ ഉത്തരവിട്ടിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിന് കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ജസ്റ്റിസ് എകെ സിക്രി വ്യക്തമാക്കി.

ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. നേരത്തെ ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശമായിരുന്നു വിശ്വാസവോട്ടെടുപ്പിന് നല്‍കിയത്. ഇത് വെട്ടിച്ചുരുക്കിയാണ് കോടതി നാളെത്തന്നെ വിശ്വാസവോട്ട് തേടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ചൂടേറിയ വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ട് കത്ത് നല്‍കിയ ശേഷം എന്തിനാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എകെ സിക്രി ചോദിച്ചു. അത് ഗവര്‍ണറുടെ വിവേചനാധികാരം ആണെന്നായിരുന്നു റോത്ത്ഗിയുടെ മറുപടി. കോണ്‍ഗ്രസ് സഖ്യം ഹാജരാക്കിയ കത്തില്‍ എല്ലാ എംഎല്‍എമാരുടെയും ഒപ്പില്ലെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് 78 അംഗങ്ങളുടെ പേര് മാത്രമാണ് നല്‍കിയതെന്നും അംഗങ്ങള്‍ ഒപ്പിട്ട കത്ത് നല്‍കിയിട്ടില്ലെന്നും മേത്ത പറഞ്ഞു. എന്നാല്‍ ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല.

വാദത്തിനിടെ രണ്ട് നിര്‍ദേശങ്ങളാണ് ബിജെപിക്ക് വേണ്ടി ഹാജരായ റോത്ത്ഗിക്ക് മുന്നില്‍ കോടതി വച്ചത്. ഒന്നുകില്‍ 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടുക, അല്ലെങ്കില്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയുടെ നിയമവശം പരിശോധിക്കുക. ഇതില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയാണ് ഏറ്റവും യോജിച്ച മാര്‍ഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം തേടണമെന്ന് കോടതി ആവശ്യപ്പെട്ടത്. വിശ്വാസവോട്ട് തേടാനുള്ള ആദ്യ അവസരം തങ്ങള്‍ക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നിലവില്‍ ഒരു സര്‍ക്കാര്‍ ഉള്ളതിനാല്‍ ആവര്‍ ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

എംഎല്‍എമാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. എല്ലാ എംഎല്‍എമാര്‍ക്കും സുരക്ഷിതരായി സഭയിലെത്തി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് കര്‍ണാടക ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top