×

ഹൈക്കോടതി വിധി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് മരവിപ്പിച്ചു; കേന്ദ്രത്തിന് വേണ്ടി എത്തിയത് എജി വേണുഗോപാലും യുഡിഎഫിന് വേണ്ടി ഹാജരായത് അഭിഷേക് സിങ്ങ്വിയും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്തരുതെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

വോട്ടര്‍ പട്ടികയില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഹൈക്കോടതി നിര്‍ദേശിച്ചത് അനുസരിച്ച്‌ 2019ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി വോട്ടെടുപ്പു നടത്താന്‍ പത്തു കോടി രൂപ അധികം വേണ്ടിവരുമെന്ന് കമ്മിഷനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പു വൈകിപ്പിക്കുക മാത്രമാണ് കമ്മിഷന്‍ നടപടിയെ എതിര്‍ക്കുന്ന ലക്ഷ്യമെന്ന് എജി ആരോപിച്ചു.

2019ലെ വോട്ടര്‍ പട്ടിക വാര്‍ഡ് തലത്തിലേക്കു പുനസംവിധാനം ചെയ്യുക മാത്രമാണ് വേണ്ടതെന്ന് യുഡിഎഫിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി വാദിച്ചു. സ്റ്റേ അനുവദിക്കുന്നതിനെ സിങ്വി എതിര്‍ത്തെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

2019ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താന്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നാണ് കമ്മിഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ബുത്ത് അടിസ്ഥാനത്തിലുള്ളപട്ടിക വാര്‍ഡ് അടിസ്ഥാനത്തിലേക്കു പുനസംവിധാനം ചെയ്യണം. അതിനു പത്തു കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ നിലവില്‍ പട്ടിക പുതുക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതെല്ലാം ആദ്യം മുതല്‍ ചെയ്യേണ്ടിവരുമെന്നും കമ്മിഷന്‍ ഫറയുന്നു.

2015ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കരടു വോട്ടര്‍ പട്ടിക തയാറാക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നിരുന്നു. 2019ലെ വോട്ടര്‍ പട്ടിക നിലനില്‍ക്കെ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെയാണ് പാര്‍ട്ടികള്‍ ചോദ്യം ചെയ്തത്.

2015ലെ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് രണ്ടു തെരഞ്ഞെടുപ്പുകള്‍ നടന്നു. ആ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി കരടു വോട്ടര്‍ പട്ടിക തയാറാക്കണമെന്നാണ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ അല്ലാത്തതിനാല്‍ അത് അടിസ്ഥാനാക്കി പട്ടിക പുതുക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്മിഷന്‍ വാദം. കമ്മിഷന്‍ തീരുമാനത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പു കമ്മിഷന്റെ വിവേചന അധികാരത്തില്‍ പെട്ട കാര്യമാണെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഇതിനെതിരെ മസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ്, 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top