ഞായറാഴ്ച വരെ കനത്ത മഴ തുടരും ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. കനത്ത മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുകയാണ്. ആരും കടലില്‍ പോകരുതെന്ന് മല്‍സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.പൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ നാളെയും വിദ്യാലയങ്ങള്‍ക്ക് അവധിയാണ്.
പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ആലുവയില്‍ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതം നിര്‍ത്തിവെച്ചു. കമ്ബനിപ്പടി, തോട്ടക്കാട്ടുകര തുടങ്ങിയ ഭാഗങ്ങള്‍ വെള്ളത്തിലാണ്. ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നിരിക്കുകയാണ്. എറണാകുളം – ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി.
കൊച്ചി മെട്രോ സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കെഎംആര്‍എല്‍ അറിയിച്ചു. ആലുവ മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതോടെയാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിയത്. ശബരിമലയിലും പമ്ബയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്