×

ശരീരത്തില്‍ സ്‌ഫോടക വസ്തു കെട്ടി അംലയെ ചേര്‍ത്തുപിടിച്ചു, വീടിന്റെ 10 മീറ്റര്‍ ചുറ്റളവില്‍ ശരീരം ചിതറിത്തെറിച്ചു:

സുല്‍ത്താന്‍ബത്തേരി: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ അക്ഷയകേന്ദ്രം ജീവനക്കാരിയും മദ്ധ്യവയസ്‌കനും മരിച്ച സംഭവത്തില്‍ നിന്ന് നായ്‌ക്കെട്ടി ഗ്രാമം ഇതേവരെ ഉണര്‍ന്നിട്ടില്ല. ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളുടെ കാഴ്ച അവരുടെ മനസില്‍ നിന്ന് വേഗത്തിലൊന്നും മായില്ല. നായ്ക്കട്ടിയിലെ അക്ഷയ സെന്റര്‍ ഉടമ ഇളവന (ചെരുവില്‍) അബ്ദുള്‍ നാസറിന്റെ ഭാര്യ അംല എന്ന അമല്‍ (36), നായ്ക്കട്ടിയിലെ ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമയും മൂലങ്കാവ് എറളോട്ട്കുന്ന് സ്വദേശിയുമായ പെരുങ്ങോട്ടില്‍ ബെന്നിയുമാണ് (48) അബ്ദുള്‍ നാസറിന്റെ വീട്ടില്‍ വെച്ച്‌ ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ സ്ഫോടനത്തില്‍ മരിച്ചത്.

ഉഗ്ര സ്‌ഫോടക ശേഷിയുള്ള സ്‌ഫോടക വസ്തു ശരീരത്തില്‍ കെട്ടിവച്ച്‌ അബ്ദുള്‍ നാസറിന്റെ വീട്ടിലെത്തിയ ബെന്നി അമലിനെ പുറത്തേക്ക് വിളിച്ച്‌ വരാന്തയില്‍ വച്ച്‌ കെട്ടിപിടിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ബെന്നിയുടെ ശരീരഭാഗങ്ങള്‍ അകത്തേക്കും അമലിന്റേത് വരാന്തയില്‍ നിന്ന് പുറത്തേക്കും ചിന്നിച്ചിതറിയ നിലയിലായിരുന്നു.

സംഭവം നടക്കുമ്ബോള്‍ അബ്ദുള്‍ നാസറിന്റെ അഞ്ചു വയസുകാരിയായ ഇളയകുട്ടി ആയിഷ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സ്‌ഫോടനത്തില്‍ ഈ പിഞ്ചു കുഞ്ഞിന്റെയും ശരീരമാസകലം ചോരയും മാംസകഷ്ണങ്ങളും പറ്റിപിടിച്ചുകിടന്നിരുന്നു. എന്നാല്‍ കുഞ്ഞിന് പരിക്കൊന്നും ഏറ്റിരുന്നില്ല.

ചിന്നിചിതറിയ ശരീരാവശിഷ്ടങ്ങള്‍ പാടുപെട്ടാണ് പോസ്റ്റ് മോര്‍ട്ടത്തിനായി പൊലീസ് ശേഖരിച്ചത് തന്നെ. ഒരു കൈ വരാന്തയിലെ ഗ്രില്‍സില്‍ തൂങ്ങിയ നിലയിലായിരുന്നു. അരയില്‍ കെട്ടി വന്ന തോട്ട പോലുളള സ്ഫോടക വസ്തു പൊട്ടിച്ചാണ് ഇരുവരുടെയും ജീവന്‍ പൊലിഞ്ഞത്. വീടിന്റെ വരാന്തയില്‍ നിന്ന് 10 മീറ്ററോളം ദൂരെ വരെ സ്‌ഫോടനത്തെ തുടര്‍ന്ന് മാംസക്കഷ്ണങ്ങള്‍ തെറിച്ച്‌ കിടപ്പുണ്ടായിരുന്നു. വെള്ളിയാഴ്ച ആയതിനാല്‍ ഇന്നലെ ഉച്ചക്ക് അബ്ദുള്‍ നാസര്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവം നടന്നത്.
സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററോളം ദൂരെ വരെ കേട്ടു. സ്‌ഫോടനത്തിന്റെ മുഴക്കം കേട്ടാണ് പള്ളിയില്‍ ഉണ്ടായിരുന്നവര്‍ ഓടി എത്തിയത്. ബെന്നിയും അബ്ദുള്‍ നാസറും സുഹൃത്തുക്കളുമാണ്. അബ്ദുള്‍ നാസറും അക്ഷയ സെന്ററില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. അബ്ദുള്‍ നാസറിന് ആയിഷയെകൂടാതെ അഫ്രൂസ, അഫ്രീന എന്നീ മക്കളുമുണ്ട്. ഇവര്‍ രണ്ട് പേരും ബന്ധു വീട്ടിലായിരുന്നു. റീനയാണ് ബെന്നിയുടെ ഭാര്യ. അലന്‍, അയോണ എന്നിവര്‍ മക്കളുമാണ്.

എ.എസ്.പി. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ സംഭവസ്ഥലത്ത് നിന്നുതന്നെ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സംസ്കരിച്ചു. എക്‌സ്‌പ്ലോസീവ് വിദഗ്ധരും ഫിങ്കര്‍ പ്രിന്റ് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top