‘ കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട കടല്‍താണ്ടി വന്നവനാണ്, ‘; കെ. സുധാകരന്‍ – കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ
എറണാകുളം: മോണ്‍സൻ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി.
ഒന്നിനെയും ഭയമില്ലെന്നും തന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും സുധാകരൻ പറഞ്ഞു. എത്ര ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് തയാറാക്കിയാലും അതിനെല്ലാം ഉത്തരം നല്‍കും. കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്തോട്ടെ, ഒരു ആശങ്കയുമില്ല. മുൻകൂര്‍ ജാമ്യം കിട്ടിയിട്ടുണ്ട്. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കടല്‍ താണ്ടിയവനാണ് താൻ, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപക്കും തുല്യതുകക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇന്ന് സുധാകരന്റെ അറസ്റ്റ് ഉണ്ടാകുമോയെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു പറയുന്നില്ല. ഡിവൈ.എസ്.പി വൈ.ആര്‍. റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ഗള്‍ഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചതായി പരാതിക്കാരെ മോണ്‍സൻ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞു മോൻസൻ പലപ്പോഴായി പരാതിക്കാരില്‍നിന്ന് 10 കോടി രൂപ വാങ്ങി. 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോണ്‍സന്റെ വീട്ടില്‍വച്ചു കെ. സുധാകരൻ ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കിയെന്നും ഈ വിശ്വാസത്തിലാണു മോണ്‍സന് പണം നല്‍കിയതെന്നുമാണ് പരാതിക്കാരുടെ ആരോപണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്