×

സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ നിയന്ത്രണം

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവില്‍ വരും.

രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ഇന്നു മുതല്‍ ( വ്യാഴം) ജനുവരി രണ്ടുവരെ ( ഞായര്‍)യാണ് നിയന്ത്രണം. പരിശോധനകള്‍ കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാത്രികാലത്ത് അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കരുതണം. ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

കടകള്‍ രാത്രി 10 വരെ മാത്രം

കടകള്‍ രാത്രി 10-ന് അടയ്ക്കണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകള്‍, ഷോപ്പിങ്‌ മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്ബത് ശതമാനമായി തുടരും.

വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി അണിനിരത്തും. കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും ഇത്തരം പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് പ്രദേശങ്ങളായി പരിഗണിച്ച്‌ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നൈറ്റ് കര്‍ഫ്യു: ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി

അതേസമയം രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top