×

വിവാദമാക്കുന്നത് തീര്‍ത്തും സ്വകാര്യ സന്ദര്‍ശനം; തെരഞ്ഞെടുപ്പില്‍ കുമ്മനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശ്രീശാന്ത്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന പ്രചരണം തെറ്റെന്ന് വിശദീകരിച്ച്‌ ട്വിറ്ററില്‍ ശ്രീശാന്ത്. താന്‍ ബിജെപി പ്രവര്‍ത്തകനാണെന്നും ബിജെപി കുടുംബത്തിനൊപ്പമാണ് മനസ്സെന്നും ശ്രീശാന്ത് ട്വിറ്ററില്‍ പറയുന്നു. ബിജെപിക്കൊപ്പമാണെന്ന് വിശദീകരിക്കുന്ന ശ്രീശാന്ത് താന്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ കണ്ടത് സ്വാകാര്യമായാണെന്നും പറയുന്നു. കഷ്ടകാല സമയത്ത് കൂടെ നിന്നതിന് നന്ദി അറിയിക്കാനാണ് പോയത്. അതിന് അര്‍ത്ഥം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നല്ലെന്നും ശ്രീശാന്ത് വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് തന്റെ പിന്തുണ ബിജെപി നേതാവ് കുമ്മനം രാജശേഖരനാണെന്നാണ് ശ്രീശാന്ത് വിശദീകരിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങിനെത്തിയ ശ്രീശാന്ത് ശശി തരൂരിനെ കണ്ടത് വിവാദമായിരുന്നു. തരൂരിന്റെ വീട്ടിലെത്തിയ ശ്രീശാന്തിനെ തരൂര്‍ കോണ്‍ഗ്രസ് ഷാള്‍ അണിയിച്ചിരുന്നു. ഇതിനെ കോണ്‍ഗ്രസിലേക്ക് ശ്രീശാന്ത് എത്തിയതിന് തെളിവായി കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിന്റെ ട്വീറ്റ്.

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശ്രീശാന്ത് തരൂരുമായി കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസിലേക്ക് ചേക്കേറാനാണ് എന്ന തരത്തില്‍ ചില മലയാള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ ശ്രീശാന്തിന്റെ സഹോദരന്‍ ദീപു ശാന്തും രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ട് എന്തിനാണ് ഇനിയും തങ്ങളെ ദ്രോഹിക്കുന്നതെന്നു ദീപു ശാന്ത് പ്രതികരിച്ചു. ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയോടായിരുന്നു ദീപുവിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ശ്രീശാന്തും വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയത്. കൂടാതെ തനിക്ക് സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും കൂടുതല്‍ ശ്രദ്ധ സ്‌പോര്‍ട്‌സിലേക്കാണ് നല്‍കുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top