×

ശ്രീലങ്കന്‍ യുവതി പ്രവേശനം സാധ്യമാക്കി പോലീസ് സൂത്രപ്പണി ഇങ്ങനെ

ശ്രീലങ്കന്‍ സ്വദേശി ശശികലയെ സന്നിധാനത്തെത്തിക്കാന്‍ പൊലീസ് ഉപയോഗിച്ചത് വ്യത്യസ്തമായ പദ്ധതി. രണ്ട് സംഘമായി ശശികലയ്ക്കും കുടുംബത്തിനുമൊപ്പം അനുഗമിച്ചായിരുന്നു പൊലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയത്.

ശബരിമല ദര്‍ശനത്തിനായെത്തിയ ശശികലയും കുടുംബവും ആദ്യം തന്നെ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഈ വിവരം മാധ്യമങ്ങളെയോ മറ്റുള്ളവരെയോ പൊലീസ് അറിയിച്ചില്ല. ശശികലയും കുടുംബവും പമ്പയില്‍ നിന്ന് രാത്രി മല ചവിട്ടിത്തുടങ്ങിയപ്പോള്‍ മുതല്‍ യൂണിഫോമില്ലാത്ത പൊലീസുകാരുടെ രണ്ട് സംഘങ്ങള്‍ ഇവര്‍ക്ക് മുന്‍പിലും പിറകിലുമായി നടന്നു.

മഫ്തിയിലും അയ്യപ്പവേഷത്തിലും പൊലീസുകാര്‍ ആദ്യഘട്ടത്തില്‍ ശശികലയ്ക്കും കുടുംബത്തിനും ഒപ്പം മല കയറി. പൊലീസുകാരുടെ ഈ ആദ്യസംഘത്തിന് ഇരുപത് മീറ്റര്‍ പിന്നിലായി മറ്റൊരു സംഘം കൂടി ഉണ്ടായിരുന്നു. എന്തെങ്കിലും രീതിയിലുള്ള പ്രതിഷേധം ഉണ്ടായാല്‍ അതിനെ മറികടക്കാന്‍ വേണ്ടി കൂടിയായിരുന്നു പൊലീസിന്റെ ഈ പരീക്ഷണം. എന്നാല്‍ സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ ആദ്യ സംഘത്തെ ചില മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതോടെ ഇവര്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറി. അതേസമയം മഫ്തിയിലുള്ള രണ്ടാം സംഘം ശശികലയുടേയും കുടുംബത്തിന്റേയും സുരക്ഷക്കായി ഒപ്പം ചേര്‍ന്നു.

ശശികലയ്ക്കും കുടുംബത്തിനും ഒപ്പം മലകയറുന്നത് പൊലീസുകാരാണെന്ന് പിന്നെ ആര്‍ക്കും തിരിച്ചറിയാനായില്ല. നട അടയ്ക്കുന്നതിന് ഒരു മിനുട്ട് മുമ്പ് ശശികല പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം നടത്തി.

ദര്‍ശനത്തിന് ശേഷം സാധാരണ ഭക്തരുടെ ക്യൂവിലേക്ക് പൊലീസ് ഇവരെ മാറ്റി. പതിനൊന്ന് നാല്‍പ്പത്തിയാറിന് ഇവര്‍ തിരിച്ചിറങ്ങി. മലയിറങ്ങുമ്പോഴും ശശികലയ്ക്ക് പൊലീസ് സുരക്ഷയൊരുക്കി.

തിരിച്ചിറങ്ങുന്ന സമയത്ത് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ശശികലയുടെ ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസ് വീണ്ടും അടവ് മാറ്റി. ശശികല പതിനെട്ടാം പടിക്ക് താഴെവരെ എത്തിയെങ്കിലും ദര്‍ശനം നടത്താതെ മടങ്ങിയെന്ന് അദ്ദേഹത്തെ കൊണ്ട് മാധ്യമങ്ങളോട് പറയിപ്പിച്ചു.

ദര്‍ശനം നടത്താന്‍ പൊലീസ് അനുവദിച്ചില്ല എന്നാരോപിച്ച് പിന്നീട് ശശികലയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി. ഇതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു. കുടുംബം സുരക്ഷിതമായി പത്തനംതിട്ട ജില്ല വിട്ടതിന് ശേഷമാണ് ഇവര്‍ ദര്‍ശനം നടത്തിയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top