മെന്‍സ് റൈറ്റ് നേതാവ് നാഗരാജന്റെ പരാതി – ശ്രീലക്ഷ്മി അറയ്ക്കല്‍ കുടുങ്ങും
തിരുവനന്തപുരം : യുവജനങ്ങളെ വഴിതെറ്റിക്കുന്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നു എന്ന പരാതിയില്‍ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹിയായ നെയ്യാറ്റിന്‍കര പി. നാഗരാജാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പരാതി ലഭിച്ചയുടന്‍ കേസെടുത്ത പൊലീസ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ശ്രീലക്ഷ്മിയുടേതായ 25 യൂട്യൂബ് വീഡിയോകളുടെ വിവരങ്ങളും ലിങ്കുകളുമടക്കമാണ് നാഗരാജ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ശ്രീലക്ഷ്മിക്കെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
അടുത്തിടെ ഏറെ ചര്‍ച്ചയായ വിജയ് പി നായരെ ആക്രമിച്ച വനിത സംഘത്തിനൊപ്പം ശ്രീലക്ഷ്മിയും ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കെതിരെ നിരന്തരം യൂട്യൂബ് വീഡിയോകളിലൂടെ അശ്ളീല സംഭാഷണം നടത്തിയിരുന്ന സൈക്കോളജിസ്റ്റ് വിജയ് പി നായരെയാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വനിതാസംഘം ആക്രമിച്ചത്.
പൊലീസില്‍ നിരന്തരം പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് അശ്ളീല യൂട്യൂബറെ വനിതസംഘം നേരിടാന്‍ തീരുമാനിച്ചത്. പിന്നീട് നടന്ന പൊലീസ് അന്വേഷണത്തില്‍ വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ പൂട്ടിക്കുകയും, ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കയ്യേറ്റം ചെയ്ത വനിതകള്‍ക്കെതിരെയും പൊലീസ് കേസുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്