×

സ്പീക്കറുടെ ഡയസ്സില്‍ കയറി പ്രതിഷേധം : നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ശാസന

തിരുവനന്തപുരം : നിയമസഭയില്‍ സ്പീക്കറുടെ ഡയസ്സില്‍ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി. കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ക്ക് ശാസന നല്‍കാനാണ് സ്പീക്കര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ റോജി ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

എംഎല്‍എമാരുടെ പ്രവൃത്തി സഭാ ചട്ടങ്ങളുടെ ലംഘനമാണ്. ഇത് അനുവദിക്കാനാവില്ല. എംഎല്‍എമാരെ സെന്‍ഷ്വര്‍ ചെയ്യുന്നതായും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചു. കെഎസ്‌യു മാര്‍ച്ചിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്ബില്‍ എംഎല്‍എക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചത്. പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ്സില്‍ കയറി പ്രതിഷേധിച്ചത്.

എംഎല്‍എമാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. അനില്‍ അക്കര, വി ടി ബല്‍റാം തുടങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍, മുമ്ബ് കെ എം മാണിയുടെ ബജറ്റ് അവതരണ വേളയില്‍ ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള ഇടതു എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബര്‍ തകര്‍ക്കുന്ന ചിത്രങ്ങളുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭയില്‍ ബഹളമായി.

കൂടിയാലോചിക്കാതെയാണ് നടപടി എടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒ രാജഗോപാല്‍ പറഞ്ഞിട്ടാണ് സ്പീക്കര്‍ നടപടി എടുത്തതെന്നും ചെന്നിത്തല ആരോപിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ കടുത്ത വാഗ്വാദം നടന്നു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം, എംഎല്‍എയെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന് മാത്രമാണോ ചട്ടം ബാധകമെന്ന് എന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ചോദിച്ചു. ഇതുവരെ നടന്ന നടപടിയെല്ലാം ചട്ടംനോക്കിയാണല്ലോ എന്നും ഷാഫി ചോദിച്ചു. എംഎല്‍എയുടെ തല പൊലീസ് തല്ലിപ്പൊളിച്ചത് ചട്ടം നോക്കിയാണോ. വാളയാറിലെ കേസിലെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടപ്പോള്‍ ചട്ടം എവിടെപ്പോയി. മുമ്ബ് സ്പീക്കറുടെ ഡയസ്സില്‍ കയറി സാധനസാമഗ്രികള്‍ തല്ലിത്തകര്‍ത്തവരാണ് ഇപ്പോള്‍ നടപടി എടുത്ത ശ്രീരാമകൃഷ്ണന്‍. ഇക്കാര്യം ജനങ്ങള്‍ മറന്നുപോയിട്ടില്ല.

സഭയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എംഎല്‍എമാരെ കുറ്റവിമുക്തരാക്കിയത് ഈ ശ്രീരാമകൃഷ്ണനാണ്. സാധാരണക്കാരനാണ് ഇത്തരത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതെങ്കില്‍ ഇപ്രകാരം വെറുതെ വിടുമോയെന്നും ഷാഫി പറമ്ബില്‍ ചോദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top